കോട്ടയം: ജൂലൈ 28, ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ വിത്തുരുളകൾ നിലത്തുപാകി കോട്ടയത്തെ സ്‌കൂള്‍ വിദ്യാർഥികൾ. വാഴൂർ എസ്.വി.ആർ.വി എൻ.എസ്.എസ് ഹയർ സെക്കന്‍ഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റാണ് 'തളിർക്കട്ടെ പുതുനാമ്പുകൾ' എന്ന പരിപാടി സംഘടിപ്പിച്ചത്. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി റെജി ഉദ്‌ഘാടനം ചെയ്‌തു.
വാഴൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ കടക്കുഴിയിൽ വിത്തുരുളകൾ വിതച്ചായിരുന്നു ഉദ്‌ഘാടനം. വിവിധ ഫലവൃക്ഷങ്ങളുടെ 2,000 വിത്തുരുളകളാണ് നിക്ഷേപിച്ചത്. മണ്ണ്, ചാണകവുമായി കുഴച്ച് അതില്‍ വിവിധ ഫലവൃക്ഷങ്ങളുടെ വിത്തുവച്ച് ഉരുളകളാക്കി നടുന്നതാണ് ഈ രീതി. നല്ലൊരു നാളെയെ സൃഷ്‌ടിക്കാന്‍ വേണ്ടി പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു.
'ലക്ഷ്യം വനവത്‌കരണം': സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഡിസംബറിൽ നടന്ന സപ്‌തദിന ക്യാമ്പിലാണ് വിദ്യാർഥികൾ വിത്തുരുളകൾ തയാറാക്കിയത്. വ്യക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ വനവത്‌കരിക്കാനാണ് വിത്തുകൾ ഉരുളകളാക്കി വിതറുന്നത്. അതനുസരിച്ചാണ് വിദ്യാർഥികൾ വിത്തുരുളകൾ ഇവിടെ നിക്ഷേപിച്ചതെന്ന് സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് ഡി ദേവിജ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെയാണ് വിദ്യാര്‍ഥികള്‍ പങ്കാളികളായത്. ഉദ്‌ഘാടന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം സൗദ ഇസ്‌മായിൽ, പി.ടി.എ പ്രസിഡന്‍റ് വി.എ മനോജ്, സ്‌കൂൾ പ്രിൻസിപ്പല്‍ ബി ദേവിജ, ഗീത വി പ്രോഗ്രാം ഓഫിസർ ബിന്ദു ബി നായർ തുടങ്ങിയവർ പങ്കെടുത്തു.