കോട്ടയം: പാലാ ചേര്‍പ്പുങ്കലില്‍ കാണാതായ പെണ്‍കുട്ടിക്ക് വേണ്ടി മീനച്ചിലാറ്റില്‍ തിരച്ചില്‍ തുടരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനിയെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. ചേര്‍പ്പുങ്കല്‍ പള്ളിക്ക് സമീപത്തെ പാലത്തില്‍ ബാഗ് കാണപെട്ടതോടെ ആറ്റില്‍ ചാടിയെന്ന നിഗമനത്തിലാണ് മീനച്ചിലാറ്റില്‍ തിരച്ചില്‍ നടക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജ് വിദ്യാർഥിനിയെയാണ് കാണാതായത്. സ്‌കൂബ ടീം ആറ്റിൽ പരിശോധന തുടരുകയാണ്.
ഡിഗ്രി പരീക്ഷയ്ക്ക് സെന്‍റർ ലഭിച്ച കേളജിൽ നിന്നും പരീക്ഷയ്ക്കിടെ കോപ്പി അടിച്ചെന്ന് കാട്ടി കുട്ടിയെ പുറത്താക്കിയതായി ബന്ധുക്കള്‍ പറയുന്നു. ഇനി ഒരു പരീക്ഷയും എഴുതേണ്ടെന്ന് പറഞ്ഞതിന്നെ തുടര്‍ന്ന് കുട്ടി മനോവിഷമം മൂലം ആറ്റില്‍ ചാടിയെന്നാണ് നിഗമനം. കോപ്പി അടിച്ച തുണ്ടുകടലാസ് ഉണ്ടെന്ന് പറഞ്ഞ കേളജ് അധികൃതർ പിന്നീട് ഇത്തരത്തിൽ കടലാസ് ഇല്ലെന്ന് പറഞ്ഞെന്നും ബന്ധുക്കള്‍ ആരോപിച്ചു. വൈകുന്നേരം ആറരയോടെ വീട്ടിലെത്താറുള്ള വിദ്യാർഥിനി ഏഴ് മണിയായിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നൽകുകയായിരുന്നു. അതേ സമയം കോപ്പി അടിച്ചെന്ന ആരോപണം കുടുംബം നിഷേധിച്ചു. നല്ല രീതിയില്‍ പഠിക്കുന്ന കുട്ടി ഇതുവരെ കോപ്പി അടിച്ചിട്ടില്ലന്ന് പിതാവ് പറഞ്ഞു. ചോദ്യപേപ്പറില്‍ എന്തോ എഴുതിയത് കോപ്പി അടിച്ചതായി തെറ്റിദ്ധരിക്കുകയാണ് ഉണ്ടായതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.