കോട്ടയം: പെൻസിൽ മുനയിൽ ശിൽപങ്ങൾ തീർത്ത് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയിരിക്കുകയാണ് ശ്രീദേവ് കെ. ബിജു. ചേന്നാട് മാളിക സ്വദേശിയായ ശ്രീദേവ് നിര്‍മാണം അവസാനിപ്പിച്ച പഴയകാല ടൂവീലര്‍ മോഡൽ വാഹനങ്ങളുടെ പേരാണ് പെൻസിൽ മുനയിൽ കലാസൃഷ്‌ടികളാക്കിയിരിക്കുന്നത്.
20 പഴയ സ്‌കൂട്ടറുകളുടെ പേരുകള്‍ പെന്‍സിലില്‍ കൊത്തി ആറു മണിക്കൂർ കൊണ്ട് ലക്ഷ്യം പൂർത്തീകരിച്ചതോടെ ശ്രീദേവ് റെക്കോഡിലെത്തപ്പെട്ടു. വാഹനങ്ങളോടുള്ള അതിയായ ഇഷ്‌ടമാണ് പെന്‍സില്‍ കാര്‍വിങ് മൈക്രോ ആര്‍ട്ടിന് പിന്നിൽ. ഒരു വര്‍ഷം മുന്‍പാണ് ശ്രീദേവ് പെന്‍സില്‍ കാര്‍വിങ് ആരംഭിച്ചത്. കേരളത്തിൽ നിന്നുടനീളമായി 180ഓളം കലാകാരന്മാരുള്ള കേരളാ പെന്‍സില്‍ കാര്‍വേഴ്‌സ് എന്ന സംഘടനയും ശ്രീദേവ് തുടങ്ങിയിട്ടുണ്ട്. കെ.എസ് ചിത്രയുടെ ജന്മദിനത്തോട് അനുബന്ധിച്ച് "കാർമുകിൽ വർണന്‍റെ ചുണ്ടിൽ..." എന്ന ഗാനം ശ്രീദേവും സംഘടനയിലെ മറ്റ് അംഗങ്ങളും ചേര്‍ന്ന് പെൻസിലിൽ കൊത്തുപണിയാക്കി വീഡിയോയിലൂടെ അവതരിപ്പിച്ചിരുന്നു. വിരലുകളുടെ അടക്കവും ക്ഷമയും അതിയായ സൂഷ്മതയും ആവശ്യമായ പെന്‍സില്‍ കാര്‍വിങ്ങിൽ പ്രതിഭ തെളിയിച്ച കലാകാരൻ, പ്ലസ്‌ടു പഠനം കഴിഞ്ഞ് ഇലക്ട്രോണിക്‌സ് മേഖലയിലെ തുടര്‍പഠനത്തിനുള്ള ഒരുക്കത്തിലാണ്.