കോട്ടയം: കോഴക്കേസില്‍ കുടുങ്ങിയ കെ.എം മാണിയെ മണിയോര്‍ഡര്‍ അയച്ച് ട്രോളിയ ആഷിഖ് അബുവിന് കേരള ജനപക്ഷം അധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിന്‍റെ വക 5 രൂപ. പ്രളയദുരിതാശ്വാസ സമാഹരണത്തിന് സംഗീത പരിപാടി നടത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഷോണിന്‍റെ പ്രതിഷേധ മണിയോര്‍ഡര്‍.
മാണിയ്ക്ക് അയച്ചത് 500, ആഷിഖ് അബുവിന് തിരിച്ചുകിട്ടിയത് 5 രൂപ അരുവിത്തുറ ഹെഡ് പോസ്‌റ്റ് ഓഫീസിലെത്തിയാണ് ഷോണ്‍ ജോര്‍ജ് മണിയോര്‍ഡറായി 5 രൂപ ആഷിഖിന് അയച്ചത്. പകല്‍ മാന്യന്‍മാരായി നടിക്കുന്നവരെ ജനം തിരിച്ചറിയണമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വേണ്ടി പിരിച്ച പണമാണ് തട്ടിയത്. മാണിയെ പരിഹസിച്ചവരെ തിരിച്ചടിക്കാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ ഒരു കേരള കോണ്‍ഗ്രസുകാരന്‍ പോലും തയാറായില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. അതേസമയം യൂത്ത് ഫ്രണ്ട് ജോസ്.കെ മാണി പക്ഷം സംസ്ഥാന പ്രസിഡന്‍റ് സാജൻ തൊടുകയും ആഷിഖ് അബുവിന് 601 രൂപ മണിയോഡര്‍ അയച്ചു. പലിശയും കൂടി ചേര്‍ത്താണ് അയക്കുന്നതെന്ന് സാജന്‍ പറഞ്ഞു.
2015-ജനുവരിയിലായിരുന്നു ബാര്‍ കോഴ കേസില്‍ കുടുങ്ങിയ മാണിക്ക് ' എന്‍റെ വക അഞ്ഞൂറ് ' എന്ന പേരില്‍ ആഷിഖ് അബു പണം അയച്ച് പ്രതിഷേധം തുടങ്ങിയത്. ആ മാസം ഒരു ദിവസം മാത്രം 15,000-ത്തോളം രൂപയാണ് പാലാ പോസ്‌റ്റ് ഓഫീസിലേയ്ക്ക് ഇത്തരത്തില്‍ മണിയോര്‍ഡറായി എത്തിയത്.