കോട്ടയം: കൊവിഡ് 19 ജില്ലയിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രത്യേക മെഡിക്കൽ സംഘത്തെ ജില്ലയിൽ എത്തിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയും തോമസ് ചാഴിക്കാടൻ എം.പിയും. ജില്ലയിൽ നിന്നും പരിശോധനയ്ക്കച്ചിരിക്കുന്ന സ്രവ സാമ്പിളുകളുടെ പരിശോധന ഫലം എത്തുന്നത് വളരെ വൈകിയാണ്. സങ്കേതിക പ്രശ്‌നങ്ങളാണ് പരിശോധഫലം വൈകുന്നതിനായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന കാരണം.
ഇത്തരം പ്രശ്‌നങ്ങൾ എന്തെങ്കിലും നിലനിൽക്കുന്നുണ്ടങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ അത് പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ആവശ്യമായ കിറ്റുകളടക്കമുള്ള അവശ്യവസ്‌തുക്കൾ വാങ്ങുന്നതിനാവശ്യമായ പണം തങ്ങളുടെ ഫണ്ടിൽ നിന്ന് അനുവദിക്കാൻ തയ്യാറാണന്നും ഇരുവരും കോട്ടയത്ത് പറഞ്ഞു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ജനറൽ ആശുപത്രികളുടെ സൗകര്യം പരമാവധി വിനയോഗിക്കണമെന്നും, കൂടുതൽ ജീവനക്കാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും എം.പിയും, എം.എൽ, എ യും ആവശ്യപ്പെട്ടു. കോട്ടയത്തെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതായും ഇരുവരും പറഞ്ഞു.