കോട്ടയം: മിനിയേച്ചര്‍ നിര്‍മ്മാണത്തില്‍ കോട്ടയം പേരൂര്‍ സ്വദേശിയായ സന്തോഷിന്‍റെ വൈഭവം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ടൈറ്റാനിക്കിന്‍റെയും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്‍റെയുമൊക്കെ മനോഹരങ്ങളായ മിനിയേച്ചറുകള്‍ നിര്‍മ്മിച്ചിട്ടുള്ള സന്തോഷ് ഇത്തവണ ശബരി എക്‌സ്പ്രസിന്‍റെ മിനിയേച്ചര്‍ നിര്‍മ്മിച്ചാണ് ഏവരെയും വിസ്മയിപ്പിച്ചത്. ഏത് വശത്ത് നിന്നും നോക്കിയാലും ശബരി എക്‌സ്പ്രസിന്‍റെ തനിപ്പകര്‍പ്പ്. എഞ്ചിന്‍റെയും ബോഗികളുടെയും നിറവും എഴുത്തുമെല്ലാം അതേപടി. എന്തിനേറെ വാതിലുകളുടെയും ജനാലകളുടെയും പോലും നിര്‍മ്മാണം കിറുകൃത്യം. സൂക്ഷ്മമായി നോക്കിയാലും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കുറവുകളൊന്നും കാണില്ല. അത്ര സൂക്ഷ്മതയോടെയാണ് സന്തോഷ് പേരൂര്‍ എന്ന മിനിയേച്ചര്‍ കലാകാരന്‍ ശബരി എക്‌സ്പ്രസിന്‍റെ മാതൃക സൃഷ്ടിച്ചിരിക്കുന്നത്.
ട്രെയിനിനോടാന്‍ സ്വന്തം വീടിന്‍റെ മുറ്റത്ത് ഒറ്റവരി പാളവും സന്തോഷ് നിര്‍മ്മിച്ചിട്ടുണ്ട്. ഒരു വർഷം കൊണ്ടാണ് സന്തോഷ് ട്രെയിനിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സന്തോഷിന്‍റെ ശബരി എക്‌സ്പ്രസ് വെറുതേ പാളത്തില്‍ വിശ്രമിക്കുന്നതല്ല. വൈദ്യുത സഹായത്തോടെ ഓടുന്നതാണ്. ഇതിനായി ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോറും എന്‍ജിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളം സമയം എടുത്ത് നിര്‍മ്മിച്ചതാണെങ്കിലും വലിയ പണച്ചിലവൊന്നും ട്രെയിന്‍ നിര്‍മ്മാണത്തിനായി വേണ്ടിവന്നിട്ടില്ല. നെയിം ബോര്‍ഡുകളും സ്റ്റിക്കറുകളും തയ്യാറാക്കുന്ന സ്ഥാപനത്തിലെ ജോലിക്കാരനായ സന്തോഷ് ആ സ്ഥാപനത്തിലെ പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് ട്രെയിന്‍ നിര്‍മ്മിച്ചത്. മുമ്പ് നിർമ്മിച്ച ടൈറ്റാനിക്കിന്‍റെയും ഹൗസ് ബോട്ടിന്‍റെയും മിനിയേച്ചറുകള്‍ നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ്. ശബരി എക്‌സ്പ്രസും വില്‍പ്പനയ്ക്ക് വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് സന്തോഷ് പറയുന്നത്. ചിത്രരചനയിലും ഈ കലാകരന്‍ തന്‍റെ വൈഭവം തെളിയിച്ചിട്ടുണ്ട്.