കോട്ടയം: കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ രാമപുരം സർക്കാർ ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളൊരുക്കാൻ ക്ളിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ശ്വാസ് ക്ലിനിക്കും ആശ്വാസ് ക്ലിനിക്കും പുതുതായി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നബാർഡ് ധനസഹായത്തോടെ നിർമാണം പൂർത്തിയാക്കിയ പുതിയ മന്ദിരവും ആശുപത്രിയിൽ ആരംഭിച്ച ആർദ്രം പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അമൃതം ആരോഗ്യ പദ്ധതിയുടെയും നവജാത ശിശുക്കൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനുള്ള ഹൃദ്യം പദ്ധതിയുടെയും സേവനവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിൽ മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ ലഭ്യമാകുന്നതിനാണ് എൽഡിഎഫ് സർക്കാർ ആർദ്രം മിഷൻ ആവിഷ്കരിച്ച് നടപ്പാക്കിയത്. പത്തര കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ അഞ്ച് നിലകളോടുകൂടിയ ആധുനിക മന്ദിരത്തിന്റെ രണ്ട് നിലകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമാക്കുന്നത്. ആശുപത്രിയിൽ നിലവിൽ മൂന്ന് ഡോക്ടർമാരുടെയും നഴ്സുമാർ ഉൾപ്പെടെയുള്ള അനുബന്ധ ജീവനക്കാരുടെയും സേവനം ലഭ്യമാണ്. ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെ ലഭ്യമാക്കാൻ ജനകീയ പങ്കാളിത്തവും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.