കോട്ടയം: സംസ്ഥാനത്തെ ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയുടെ വിവിധയിടങ്ങളില്‍ മഴക്കെടുതി രൂക്ഷം. പാമ്പാടി, ചേന്നംപള്ളി, കാളചന്ത എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ആരംഭിച്ച മഴ രാവിലെ ആറ് മണി വരെ തുടര്‍ന്നു.
കൈത്തോടുകളില്‍ വെള്ളം നിറഞ്ഞതോടെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കെ.കെ റോഡ്, ചേന്നം പള്ളി, കാളചന്ത എന്നിവിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മേഖലയിലെ സൗത്ത് പാമ്പാടി, വത്തിക്കാൻ, മാന്തുരുത്തി, കൂരോപ്പട ഒറവയ്‌ക്കൽ റോഡ് എന്നിവിടങ്ങളില്‍ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി.
പ്രദേശത്തെ ഗുരുതര സാഹചര്യം കണക്കാക്കി വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. വെള്ളാവൂർ ഏറത്തുവടകരയില്‍ വീടിന് മുകളിലേക്ക് മണ്‍തിട്ട ഇടിഞ്ഞ് വീണു. പൊന്നടത്താംകുഴി അലക്‌സാണ്ടറുടെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ലഭിച്ച മഴയുടെ അളവ്(2022 ഓഗസ്റ്റ് 29)
സ്ഥലം | മഴയുടെ അളവ് (മി.മി) |
കോട്ടയം | 46.6 |
കോഴ | 68.2 |
പാമ്പാടി | 117.4 |
ഈരാറ്റുപേട്ട | 44 |
തീക്കോയി | 43 |
മുണ്ടക്കയം | 37.4 |
കാഞ്ഞിരപ്പള്ളി | 94 |