കോട്ടയം: സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കോട്ടയം റെയിൽവെ പൊലീസ് കേസെടുത്തു. വനിത ടിക്കറ്റ് പരിശോധകയോട് (ടിടിഇ) മോശമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്‌തതിനാണ് കേസ്. ഞായറാഴ്‌ച രാത്രി ഗാന്ധി ദാമിൽ നിന്ന് നാഗർകോവിലിലേക്ക് പോയ ട്രെയിനിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിന് ടിടിഇ ചോദ്യം ചെയ്‌തു. ഇതിൽ പ്രകോപിതനായ അർജുൻ ആയങ്കി ടിടിഇയെ അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്‌തുവെന്നാണ് പരാതി.
തുടർന്ന് ടിടിഇ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ആർപിഎഫ് എസ്ഐ റെജി പി ജോസഫ് ആയങ്കിക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. അതേസമയം, ഇത് കള്ളക്കേസാണെന്ന മറുവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അർജുൻ ആയങ്കി.
- " class="align-text-top noRightClick twitterSection" data="">
സംഭവത്തിൽ നാഗർകോവിൽ എക്‌സ്പ്രസിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി തന്നെ മർദിച്ചുവെന്നാരോപിച്ച് അർജുൻ ആയങ്കി ട്വിറ്ററിലൂടെ റെയിൽവെ പൊലീസിൽ പരാതി നൽകി. ടിടിഇയെ രക്ഷിക്കാനാണ് വനിത ടിടിഇ വ്യാജ പരാതി നൽകിയതെന്നും അർജുൻ ആരോപിച്ചു. തനിക്കെതിരെ കള്ളക്കേസാണ് ചുമത്തിയിരിക്കുന്നതെന്നും അർജുൻ ഫേസ്ബുക്കിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 'എനിക്കെതിരെ കൊടുത്തിട്ടുള്ള ഈ കള്ളക്കേസ് പിൻവലിക്കണമെങ്കിൽ എന്നെയും എന്‍റെ സുഹൃത്തിനെയും ആക്രമിച്ച എസ്.മധു എന്ന ടിടിആർക്കെതിരെ ഞാൻ കൊടുത്ത പരാതി പിൻവലിക്കണമെന്ന്.! ഈ കള്ളക്കേസിന്‍റെ പേരിൽ ജയിലിൽ പോവേണ്ടി വന്നാലും ശരി ഇതെന്‍റെ അഭിമാന പ്രശ്‌നമാണ്. എനിക്ക് വേണ്ടി സാക്ഷി പറയാൻ തയ്യാറാണെന്ന് പറഞ്ഞ് എന്‍റെ അനുഭവക്കുറിപ്പ് കണ്ട് ബന്ധപ്പെട്ട തത്സമയത്തെ ടി ട്രെയിനിലെ യാത്രക്കാരാണ് എന്‍റെ തെളിവ്.
സഹപ്രവർത്തകൻ ചെയ്‌ത തെമ്മാടിത്തരത്തെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥവൃന്ധം ഗൂഢാലോചന നടത്തി സൃഷ്‌ടിച്ചെടുത്ത വാദിയെ പ്രതിയാക്കുന്ന ഈ കള്ളക്കേസ് നേരിടാൻ ഏതറ്റം വരെയും പോവാൻ ഞാൻ തയ്യാറാണ്. സത്യം എന്‍റെ ഭാഗത്താണ് അത് ഞാൻ തെളിയിക്കും'-അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചു.