കോട്ടയം: കുറഞ്ഞ സമയത്തിനുള്ളിലുണ്ടായ സംഭവബഹുലമായ പ്രചാരണങ്ങള്‍ക്കും കൊട്ടിക്കലാശത്തിനുമൊടുവില്‍ പുതുപ്പള്ളി (Puthuppally Bypoll) വിധിയെഴുതുന്നു. രാവിലെ ഏഴിന് ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിട്ട് ആറ് വരെ നീളും. 182 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍, നാലെണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്.
1,76,147 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. അതില്‍, 90,281 സ്‌ത്രീവോട്ടര്‍മാരും, 86,132 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെയുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തിനാണ് കളമൊരുങ്ങിയത്.
സഹാതാപ തരംഗം മാത്രം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകും എന്ന് പൊതുവെ ആളുകള്‍ കരുതിയിരിക്കവെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന പ്രചാരണവുമായി ഇടത് ക്യാമ്പ് സജീവമായി. ഇതോടെയാണ് വികസനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ വന്‍തോതില്‍, ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചയായതും തെരഞ്ഞെടുപ്പ് വാശിയേറിയതായി മാറിയതും.
തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്: ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 957 പുതിയ വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷൻ പൊതുനിരീക്ഷകരേയും ചെലവ് നിരീക്ഷകനേയും പൊലീസ് നിരീക്ഷകനേയും നിയോഗിച്ചു. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. പോളിങ് സാമഗ്രി വിതരണം ഇന്നലെ തന്നെ പൂർത്തിയായി. കോട്ടയം ബസേലിയസ് കോളജിൽ നിന്നാണ് പോളിങ് സാധനങ്ങൾ വിതരണം ചെയ്‌തത്.
182 പ്രിസൈഡിങ് ഓഫിസർ, 182 ഫസ്‌റ്റ് പോളിങ് ഓഫിസർ, 182 സെക്കൻഡ് പോളിങ് ഓഫിസർ, 182 തേഡ് പോളിങ് ഓഫിസർ എന്നിങ്ങനെയാണ് പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 144 ഉദ്യോഗസ്ഥരെ റിസർവ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ അഞ്ച് പേരായിരിക്കും ഒരു പോളിങ് സംഘത്തിലുണ്ടാവുക. 16 സെക്‌ടറൽ മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. 182 ബൂത്തുകളിലും വെബ്‌കാസ്‌റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയ്ക്കായി 675 അംഗ പൊലീസ് സേന: ഇന്ന് രാവിലെ 5.30 മുതൽ പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കലക്‌ടറേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും. പോളിങ് സ്‌റ്റേഷന്‍റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തെരഞ്ഞെടുപ്പ്, സുരക്ഷ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്.
വോട്ടെടുപ്പിന്‍റെ സുരക്ഷയ്ക്കായി 675 അംഗ പൊലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈഎസ്‌പിമാർ, ഏഴ് സിഐമാർ, 58 എസ്.ഐ/എഎസ്ഐമാർ, 399 സിവിൽ പൊലീസ് ഓഫിസർമാർ, 142 സായുധ പൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 64 കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾ (സിഎപിഎഫ്) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വോട്ടുചെയ്യുന്നതിനായി വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ്. വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.