തിരുവനന്തപുരം : സെപ്റ്റംബർ 5ന് നടക്കാനിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് തീരുമാനിക്കും. സ്ഥാനാര്‍ഥി നിര്‍ണയം, തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ തൃശൂരില്‍ ഇന്ന് കോര്‍ കമ്മിറ്റി യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്.
കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം ഉച്ചക്ക് 2.30 യോടെ സംസ്ഥാന ഭാരവാഹി യോഗം ചേരും. തുടര്‍ന്ന് വൈകിട്ട് 6 മണിയോടെ എന്‍ഡിഎ യോഗം ചേരും. തൃശൂര്‍ വെളിയന്നൂര്‍ ദാസ് കോണ്ടിനെന്‍റല്‍ ഹോട്ടലിലാകും യോഗങ്ങള്‍ നടക്കുക. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചേരുന്ന പ്രത്യേക യോഗത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ അഗര്‍വാള്‍, മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസ് അതിവേഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുന്നത്.
കഴിഞ്ഞ ദിവസം എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയായിരുന്നു. ഇന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം. കഴിഞ്ഞ തെരഞ്ഞടുപ്പിൽ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് ജെയ്‌ക് സി തോമസ് ആയിരുന്നു.
ഇതിന് പിന്നാലെയാണ് ബിജെപിയും എന്‍ഡിഎ മുന്നണിയും സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ ഘട്ടത്തിലേക്ക് കടക്കുന്നത്. തെരഞ്ഞെടുപ്പ് ചിത്രത്തില്‍ എന്‍ഡിഎയ്‌ക്ക് സജീവ സാന്നിധ്യമില്ലെങ്കില്‍ പോലും പതിവ് പോലെ സ്ഥാനാര്‍ഥിത്വത്തില്‍ വ്യത്യസ്‌തത പുലര്‍ത്തിയേക്കും എന്നാണ് സൂചന. ബിജെപി സ്ഥാനാര്‍ഥിയായി അനില്‍ ആന്‍റണി എത്തുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും ബിജെപിയുടെ ഔദ്യോഗിക കേന്ദ്രങ്ങള്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ സമയത്ത് അറിയിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്. പുതുപ്പള്ളിയില്‍ ബിജെപിക്ക് മുന്‍കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി കൊടുത്ത ജോര്‍ജ് കുര്യനാകും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രധാന പരിഗണന. യുവ നേതാക്കള്‍ക്ക് പ്രാമുഖ്യം കൊടുക്കണമെന്ന വാദവും ഉയരുന്നുണ്ട്.
പാര്‍ട്ടിയിലെ സീനിയര്‍ നേതാവെന്ന നിലയില്‍ സന്ദീപ് വചസ്‌പതിയുടെയും ബിജെപിയുടെ കോട്ടയം ജില്ല പ്രസിഡന്‍റ് എന്‍ ഹരിയുടെയും പേരുകള്‍ പരിഗണിച്ചേക്കും. കോര്‍ കമ്മിറ്റി യോഗം കഴിഞ്ഞതിന് ശേഷമേ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യക്തത വരികയുള്ളു. സംസ്ഥാന നേതൃത്വം തീരുമാനിച്ച സ്ഥാനാര്‍ഥിയെ ദേശീയ നേതൃത്വത്തെ അറിയിക്കും. തുടര്‍ന്ന് ദേശീയ നേതൃത്വമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക.
ഓഗസ്റ്റ് 17 വരെയാണു പത്രിക സമർപ്പണത്തിന് സമയം. 53 വർഷത്തോളം ഉമ്മൻ ചാണ്ടിയ്‌ക്ക് ഒപ്പം നിന്ന മണ്ഡലമാണ് പുതുപ്പള്ളി. അതിനാൽ തന്നെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് കേരളം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി നിർത്തുക വഴി സഹതാപ തരംഗം ഉയർന്നക്കാം എന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം ഉമ്മൻ ചാണ്ടിയുടെ ചികിത്സ ചാണ്ടി ഉമ്മൻ വൈകിപ്പിച്ചു എന്ന് കുടുബാംഗങ്ങളിൽ നിന്ന് തന്നെ ആരോപണം ഉയർന്നത് വിഷയമാകാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.