കോട്ടയം : കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത റോസ്‌ലിന് സമൻസ്. പദ്ധതിയ്‌ക്കെതിരെ ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ നടന്ന സമരത്തിൽ റോസ്‌ലിന്‍റെ എട്ട് വയസുള്ള മകൾ സോമിയയെ പങ്കെടുപ്പിച്ചെന്നാരോപിച്ചാണ് കേസ്. ഇന്നലെയാണ് കേസിൽ റോസ്‌ലിന് സമൻസ് കിട്ടിയത്. ഒരു ലക്ഷം രൂപ പിഴയും 3 വർഷം തടവും ലഭിക്കാവുന്ന കേസാണിത്.
ഡിസംബർ 28ന് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കും. അതേസമയം തനിക്കെതിരെ കള്ള കേസാണ് എടുത്തിരിക്കുന്നതെന്ന് റോസ്‌ലിന്‍ പറഞ്ഞു. കുട്ടിയെ സമരത്തിൽ പങ്കെടുപ്പിച്ചിട്ടില്ല.
വീടിനുമുൻപിൽ വച്ച് പുരുഷ പൊലീസുകാരും വനിത പോലീസുകാരും ചേർന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് ഓടി വന്നതാണ്. എന്നാൽ കുട്ടിയുമായി സമരത്തിനെത്തിയെന്ന പേരിലാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. സമരരംഗത്ത് നിന്ന് പിൻമാറാനാണ് കള്ളക്കേസ് എടുത്തതെന്നും എന്നാൽ കെ റെയില്‍ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കും വരെ പോരാട്ടം തുടരുമെന്നും റോസ്‌ലിൻ പറഞ്ഞു.
ഡിസംബർ 26ന് മാടപ്പള്ളിയിൽ നടക്കുന്ന കെ റെയിൽ വിരുദ്ധ സമരം 251 ദിവസത്തിലെത്തുകയാണ്. റോസ്‌ലിനും മരിയഅബുവും അന്ന് ഉപവാസസമരം നടത്തുമെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമരസമിതി കൺവീനർ ബാബു കുട്ടൻചിറ അറിയിച്ചു. ബിജെപി ജില്ല പ്രസിഡന്‍റ് ലിജിന്‍ ലാല്‍ സമരം ഉദ്ഘാടനം ചെയ്യും.
കെ റെയിൽ പദ്ധതിയ്‌ക്കെതിരെ ഒരു കോടി ജനങ്ങൾ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും റെയിൽവേ മന്ത്രിക്കും സമർപ്പിക്കും. ഒപ്പ് ശേഖരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം അന്ന് വൈകുന്നേരം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും.