കോട്ടയം : മഴക്കെടുതിയിലുണ്ടായ നാശനഷ്‌ടങ്ങളുടെ വിശദമായ റിപ്പോർട്ട് അതത് വകുപ്പുകൾ ഒരാഴ്‌ചക്കകം നൽകാൻ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദുരന്ത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി മീനച്ചിൽ താലൂക്കിൽ നടത്തേണ്ട അടിയന്തര നടപടികൾ ചർച്ച ചെയ്യുന്നതിന് കളക്ട്രേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പ് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ALSO READ: ദത്തുനടപടികള്‍ നിര്‍ത്തി വയ്ക്കാൻ കോടതിയില്‍ ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍
മറ്റു വകുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ നഷ്‌ടം കണക്കാക്കി വിശദമായ റിപ്പോർട്ട് ഉടൻ നൽകണം. ദുരന്ത സാഹചര്യത്തിൽ മാതൃകാപരമായ രീതിയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ വകുപ്പുകൾ പുനരധിവാസം ഫലപ്രദമായ രീതിയിൽ വേഗത്തിൽ നടപ്പാക്കുന്നതിനായി ഊർജ്ജിത നടപടിയെടുക്കണം. സർക്കാരിന്‍റെ വിവിധ ഫണ്ടുകൾ കാലതാമസം കൂടാതെ ലഭ്യമാക്കാനും തകർന്ന പ്രദേശങ്ങളെ പൂർവസ്ഥിതിയിലാക്കുന്നതിനും ഉദ്യോഗസ്ഥരോടൊപ്പം ജനപ്രതിനിധികളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എം.എൽ.എമാരായ മാണി സി. കാപ്പൻ, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്‌ടർ ഡോ. പി.കെ ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോയി കുഴിപ്പാല, അനുപമ വിശ്വനാഥ്, ജോർജ്ജ് മാത്യു, ഗീത നോബി, രജനി സുധാകരൻ, കെ.സി, ജെയിംസ്, ജോഷി ജോഷ്വ, വിജി ജോർജ്ജ്, ടി.ജെ. ബെഞ്ചമിൻ, ലിസി സണ്ണി,
ഷൈനി സന്തോഷ് എന്നിവർ സംസാരിച്ചു. എ.ഡി.എം ജിനു പുന്നൂസ്, പാല ആർ.ഡി.ഒ. അനിൽ ഉമ്മൻ എന്നിവർ പങ്കെടുത്തു.