കോട്ടയം: യു.ഡി.എഫിൽ നിന്ന് ജോസ് പക്ഷത്തെ പുറത്താക്കിയതിന് പിന്നാലെ ജോസിനെ വിട്ട് ജോസഫ് പക്ഷത്തേക്ക് ചേക്കേറി നേതാക്കൾ. ജോസ് പക്ഷത്തിലെ പ്രമുഖ യുവനേതാവായ പ്രിൻസ് ലൂക്കോസാണ് ജോസഫ് പക്ഷത്തിനൊപ്പം ചേർന്നത്. കേരളാ കോൺഗ്രസ് എം പിളർപ്പിന് ശേഷം ജോസ് കെ മാണിയോടൊപ്പം നിന്നിരുന്ന പ്രിൻസ് ലൂക്കോസ് ഇപ്പോൾ നിലവിലെ ജോസ് പക്ഷ നിലാടുകളെ വിമർശിക്കുകയാണ്. ജോസ് കെ മാണിയുടെ നിലപാടുകൾ തെറ്റാണന്ന് മനസിലാക്കിയതിനാലും നിലപാടുകളിൽ വ്യക്തതയില്ലാത്തതിനാലുമാണ് മാറി ചിന്തിച്ചതെന്നും പ്രിൻസ് ലൂക്കോസ് പറഞ്ഞു.
അതേസമയം പ്രിൻസ് ലൂക്കോസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മറുകണ്ടം ചാടിയതെന്ന് ജോസ് പക്ഷം പറഞ്ഞു. ലൂക്കോസിന് ഏറ്റുമാനൂർ സീറ്റിൽ മത്സരിക്കുന്നതിനുള്ള അവസരം നൽകാമെന്ന വാഗ്‌ദാനം നേരത്തെ ജോസ് പക്ഷം നൽകിയിരുന്നു. മുന്നണിയിൽ നിന്ന് പുറത്തായതോടെ സീറ്റ് കിട്ടാതാകുമോ എന്ന ഭയം കാരണമാണ് പ്രിൻസ് ജോസഫിലേക്ക് ചാഞ്ഞതെന്നും ജോസ് കെ മാണി പക്ഷം പറഞ്ഞു. ജോസ് പക്ഷത്തിനുള്ളിൽ തന്നെ വിള്ളൽ വീണ സാഹചര്യമാണ് നിലവിലുള്ളത്. ജോസുമായി ഇടഞ്ഞവരെ തങ്ങളുടെ പാളയത്തിലെത്തിക്കനുള്ള നീക്കത്തിലാണ് ജോസഫ് പക്ഷം.