കോട്ടയം : ചീട്ടുകളി സംഘത്തെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്ഐ കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൊൻകുന്നം ചിറക്കടവ് സ്വദേശി ജോബി ജോർജാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി 11.10 നായിരുന്നു അപകടം.
നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെ ചീട്ടുകളി സംഘത്തെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു സംഭവം. രാമപുരം പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വച്ചാണ് അപകടം ഉണ്ടായത്. ചീട്ടുകളിച്ച് തൊഴിലാളികൾ ബഹളം ഉണ്ടാക്കുന്നതായി അറിഞ്ഞ് സിപിഒ വിനീത് രാജുമായാണ് ജോബി സ്ഥലത്തെതിയത്.
കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ വാതിൽ തൊഴിലാളികൾ തുറക്കാത്തതിനെ തുടർന്ന് ചവിട്ടി തുറക്കാൻ ശ്രമിക്കുമ്പോൾ പിന്നിലേക്ക് വീഴുകയായിരുന്നു. രണ്ടാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ ജോബിയെ പാലായിലെ ടിഎച്ച്ക്യു ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സക്കായി പാലാ മാർ സ്ലീവാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 1.50ഓടെ മരണം സംഭവിക്കുകയായിരുന്നു.