കോട്ടയം: സര്‍ക്കാരിന് താത്പര്യമുള്ള കേസുകളില്‍ പൊലീസിന് ന്യായത്തിന്‍റെ പക്ഷത്ത് നിന്നും മാറേണ്ടിവരുന്നതായി ഡോ. സിറിയക് തോമസ്. പാലാ ജനമൈത്രി പൊലീസിന്റെ 2018-19 വര്‍ഷത്തെ മികച്ച റെസിഡന്റ്സ് അസ്സോസിയേഷനുള്ള അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയര്‍പേഴ്സണ്‍ ബിജി ജോജോ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഒരു വ്യവസ്ഥാപിത ഭരണകൂടത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ പൊലീസ് ഭരണനേതൃത്വത്തെ അനുസരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. മറിച്ചായിരുന്നെങ്കില്‍ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലേത് ആകുമായിരുന്നെന്നും ഡോ.സിറിയക് തോമസ് പറഞ്ഞു. ചടങ്ങില്‍ കിഡ്‌നി രോഗികള്‍ക്ക് ഉള്ള ഡയാലിസിസ് കിറ്റിന്‍റെ സൗജന്യവിതരണവും നടന്നു.
പാലാ ഡി.വൈ.എസ്.പി. കെ. സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ പ്രഗല്‍ഭരായവരെ ആദരിച്ചു. റെസിഡന്റ്സ് അസ്സോസിയേഷന്‍ അവാര്‍ഡ് വിതരണം സിനിമാതാരം ചാലി പാലാ നിര്‍വ്വഹിച്ചു.