കോട്ടയം: പോക്സോ കേസിൽ പ്രതിയായ സംഗീതാധ്യാപകൻ നരേന്ദ്രബാബുവിനെ വീടിന് സമീപത്തെ പുരയിടത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ സര്‍ക്കാര്‍ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അധ്യാപകനായിരുന്നു. വീടിനോട് ചേർന്നുള്ള പുരയിടത്തിൽ കശുമാവിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂളിലെ സൂപ്രണ്ടും കൗൺസിലറും ഡ്രൈവറും ചേർന്ന് നടത്തിയ ഗൂഡാലോചനയിലാണ് തന്നെ പോക്സോ കേസിൽ കുടുക്കിയതെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദളിത് വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് പോക്സോ കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായ ഇദ്ദേഹത്തെ പിന്നീട് റിമാന്‍ഡ് ചെയ്തിരുന്നു. മോശമായി സംസാരിച്ചു, അനാവശ്യമായി ശശീരത്തിൽ സ്പർശിച്ചു എന്ന വിദ്യാർഥികളുടെ പരാതിയിലായിരുന്നു അറസ്റ്റ്. കേസിൽ വിശദമായ അന്വേഷണം നടക്കവെയാണ് അധ്യാപകന്‍റെ മരണം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.