കോട്ടയം: നാട്ടകം പോർട്ടിലെ ജലപാതയുടെ ആഴം കൂട്ടുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പോർട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വലിയ ബാർജുകൾക്ക് പോകാൻ കഴിയുന്ന രീതിയിൽ ജലപാതയുടെ ആഴം കൂട്ടാനാണ് നീക്കം.
ബാർജുകളുടെയും ഹൗസ് ബോട്ടുകളുടെയും അടിഭാഗം അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യം നിലവിൽ നാട്ടകത്തില്ല. അതുകൊണ്ട് ട്രാവൻകൂർ സിമന്‍റ്‌സിലെ സൗകര്യം നാട്ടകം പോർട്ടിനു വേണ്ടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ജലപാതയുടെ ആഴം കൂട്ടിയാൽ കൂടുതൽ കണ്ടെയ്‌നറുകൾക്ക് വരാനും പോകാനും കഴിയുമെന്നും ജലഗതാഗതം മെച്ചപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. തണ്ണീർമുക്കം ബണ്ടിലെ പുതിയ റീച്ച് വഴിയുള്ള ഗതാഗതം സജീവമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മാസത്തിൽ മുന്നൂറിലധികം കണ്ടെയ്‌നറുകൾ വരുകയും പോകുകയും ചെയ്യുന്ന പോർട്ടാണ് നാട്ടകത്തേത്. നിലവിലെ ബാർജിന് നാലു കണ്ടെയ്‌നറുകളുടെ കപ്പാസിറ്റി മാത്രമേയുള്ളൂ. വലിയ ബാർജ് എത്തിച്ചാൽ ചരക്കുഗതാഗതം മെച്ചപ്പെടും. ക്രെയിനും ആവശ്യമാണ്. നിലവിൽ ക്രെയിൻ വാടകയ്ക്ക് എടുത്താണ് ഉപയാഗിക്കുന്നത്.
ഇക്കാര്യങ്ങൾ പോർട്ട് അധികൃതർ മന്ത്രിയെ അറിയിച്ചു. പോർട്ട് എംഡി എബ്രഹാം വർഗീസ്, ഡയറക്‌ടർ എസ്. ബൈജു, ആലപ്പുഴ പോർട്ട് ഓഫീസർ അശ്വിനി പ്രതാപ് എന്നിവർ മന്ത്രിയുമായി ചർച്ച നടത്തി. പോർട്ട് സന്ദർശിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
Also Read: ഇന്ധന വില വർധന : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കുന്നെന്ന് രമേശ് ചെന്നിത്തല