കോട്ടയം : നീണ്ട ഇടവേളയ്ക്കുശേഷം കുരുമുളകിന്‍റെ വില ഉയര്‍ന്നു(pepper price increase). ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 300 രൂപയില്‍ താഴെയായിരുന്നത് രണ്ടുമാസംകൊണ്ട് 490 രൂപയായി. 10 വര്‍ഷം മുന്‍പ് 500 രൂപ ലഭിച്ചിരുന്ന കുരുമുളകിന് വീണ്ടും വില ഉയരുന്നത് കര്‍ഷകന് (Farmer) വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
അന്താരാഷ്ട്രതലത്തില്‍ (international market) ക്രിസ്മസ് വിപണി (Christmas season) സജീവമാകുന്നതോടെ കുരുമുളക് വില 600 കടക്കുമെന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍. കംബോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം കുരുമുളക് ഉത്പാദിപ്പിക്കുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥയിലുണ്ടായ വ്യതിയാനം കുരുമുളകിന്‍റെ ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.
കുരുമുളകിന് വില വര്‍ധിച്ചെങ്കിലും ഇവിടെ ഉത്പാദനം കുറഞ്ഞത് തിരിച്ചടിയാണ്. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കുരുമുളകിന്‍റെ വിളവെടുപ്പ് നടക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടായ മഴ ഉത്‌പാദനം കുറയ്‌ക്കുകയും വിളവെടുപ്പിനെ ബാധിക്കുകയും ചെയ്‌തു.
നാടന്‍ കൊടിത്തൈകൾ വേണം
പന്നിയൂര്‍, കൈരളി തുടങ്ങിയ സങ്കരയിനം കുരുമുളകുകളാണ് ഇപ്പോള്‍ കൃഷിചെയ്യുന്നത്. ഇവയ്ക്ക് പ്രതിരോധശേഷി കുറവാണ്. ഒരു കാലഘട്ടം കഴിയുമ്പോള്‍ ദ്രുതവാട്ടം വന്ന് ഈ ചെടികള്‍ നശിച്ചുപോകുകയാണ്. ഇത് കുരുമുളക് ഉത്പാദനത്തെ ബാധിക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. ഇതോടെ നല്ല നാടൻ കൊടിത്തൈകൾ ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.