കോട്ടയം: പെന്‍സില്‍ ലെഡ് കാര്‍വിങ്ങില്‍ മനോഹര സൃഷ്ടികള്‍ നിര്‍മിച്ച് ശ്രദ്ധനേടുകയാണ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ഹുസ്‌ന. ദേശീയ ഗീതമായ വന്ദേമാതരം പെന്‍സില്‍ ലെഡിൽ പുനഃസൃഷ്ടിച്ച് റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഹുസ്‌ന. ഒരാഴ്ച്ചകൊണ്ടാണ് പെൻസിൽ ലെഡിൽ ഹുസ്‌ന വന്ദേമാതരം എഴുതി തീർത്തത്.
യാദൃശ്ചികമായാണ് ഹുസ്‌ന ഈ രംഗത്തേക്ക് കടന്നു വരുന്നത്. അസാമാന്യമായ ക്ഷമയും ഏകാഗ്രതയും ആവശ്യമായ ലെഡ് കാര്‍വിങ്ങില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പരീക്ഷണം നടത്തിവരുന്ന ഹുസ്‌ന ഇതിനോടകം 150ലധികം വർക്കുകൾ ചെയ്ത് തീർത്തു.
ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് ഹുസ്‌ന. കെഎസ്ആര്‍ടിസി ഡ്രൈവറായ പിതാവ് സാലിയുടെയും അമ്മയുടെയും പിന്തുണയ്ക്ക് പുറമെ സുഹൃത്തുക്കകളുടെയും സഹപാഠികളുടെ പ്രോത്സാഹനവും ഈ കലാകാരിക്ക് പ്രചോദനമാവുന്നു. പെന്‍സില്‍ മുനയില്‍ കുഞ്ഞുവിസ്മയം തീര്‍ക്കുന്ന ഹുസ്‌നയുടെ അടുത്ത ലക്ഷ്യം ഏഷ്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം പിടിക്കുക എന്നതാണ്.