കോട്ടയം : സ്വർണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുൻ എം.എൽ.എ പി.സി ജോർജ്. എന്‍.ഐ.എ കോടതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാധീനിച്ചുവെന്ന് വ്യക്തമാണ്. കേസിൽ മുഖ്യപ്രതി പിണറായി വിജയൻ ആണെന്ന സ്വപ്നയുടെയും സരിത്തിന്റെയും വെളിപ്പെടുത്തൽ എന്‍.ഐ.എ കോടതി ജഡ്‌ജി പൂഴ്ത്തിവയ്ക്കുകയായിരുന്നുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
എന്‍.ഐ.എയെ സ്വാധീനിക്കാൻ പിണറായിയ്ക്ക് കഴിഞ്ഞു. ഈ സാഹചര്യത്തിൽ സത്യം പുറത്തുകൊണ്ട് വരാൻ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.സി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വന്നാൽ പിണറായി ഒന്നാം പ്രതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: കൂർമ്പാച്ചി മലയിൽ വീണ്ടും ആൾ കയറി; 41കാരനെ തിരികെയിറക്കി
യു.പി മുഖ്യമന്ത്രിയുടെ കേരളത്തെക്കുറിച്ചുള്ള പരാമർശത്തിൽ രക്തം തിളയ്‌ക്കേണ്ട ആവശ്യം പിണറായിക്കില്ല. എല്‍ഡിഎഫ് ഭരണത്തില്‍ കേരളം തകർന്നിരിക്കുകയാണെന്ന യോഗിയുടെ പരാമർശത്തെ എതിർത്ത പ്രതിപക്ഷ നേതാവ് അഭിപ്രായം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.സി ജോർജ് കോട്ടയത്ത് പറഞ്ഞു.