കോട്ടയം: പഴയിടം ഇരട്ടക്കൊലപാതക കേസിൽ പ്രതിയ്ക്ക് വധശിക്ഷ. പ്രതി ചൂരപ്പാടി അരുൺ ശശിയെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. 2 ലക്ഷം രൂപ പിഴയും പ്രതിയിൽ നിന്ന് ഈടാക്കും.
അഡിഷണൽ സെഷൻസ് ജഡ്‌ജി നാസർ ആണ് വിധി പ്രഖ്യാപിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. സംരക്ഷിക്കേണ്ട ആൾ തന്നെയാണ് ക്രൂരമായ കൊല നടത്തിയെന്നും കോടതി വ്യക്തമാക്കി. കൊലപാതകം, മോഷണം, ഭവനഭേദനം എന്നിവ അടക്കമുള്ള ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പത്ത് വർഷം മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 2013 ആഗസ്റ്റ് 28നാണ് പ്രതി അരുൺ പിതൃസഹോദരിയായ തങ്കമ്മയെയും ഭർത്താവ് ഭാസ്‌കരൻ നായരെയും കൊലപ്പെടുത്തിയത്. ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയത്. ദമ്പതികളുടെ കൈവശമുള്ള പണം ആഗ്രഹിച്ചായിരുന്നു കൊലപാതകം.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. കൊലപാതകത്തിന് തൊട്ടുപിന്നാലെ പ്രതി മറ്റൊരു മോഷണക്കേസിൽ പിടിയിലായി. ഇതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
പ്രതി അരുൺ ശശിയുടെ സഹോദരിയുടെ ഭർത്താവ് രോഗിയാണ്. അതുകൊണ്ടുതന്നെ സഹോദരിക്കും ഭർത്താവിനും താൻ മാത്രമാണ് ആശ്രയം എന്ന് അരുൺ കോടതിയെ അറിയിച്ചിരുന്നു. എങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.
അതിനിടെ, റിമാൻഡിൽ ഇരിക്കെ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്നൈയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇയാളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്‌ത് കേരള പൊലീസിന് കൈമാറി. വിധി തൃപ്‌തികരമാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അറിയിച്ചു.