കോട്ടയം: നിർമാണം പൂർത്തീകരിച്ച പട്ടിത്താനം-മണർകാട് ബൈപ്പാസ് റോഡ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. എം.സി റോഡിൽ പട്ടിത്താനം ജങ്ഷനിൽ നിന്നാരംഭിച്ച് എൻഎച്ച് 183ൽ മണർകാട് ജങ്ഷനിൽ എത്തിച്ചേരുന്നബൈപ്പാസിന് 13.30 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മൂന്നു ഘട്ടമായി പൂർത്തിയാക്കിയ റോഡിന്‍റെ നിർമാണത്തിന് 12.60 കോടി രൂപയാണ് ചെലവ്.
മണർകാട് മുതൽ പൂവത്തുംമൂട് വരെയുള്ള ഒന്നാം ഘട്ടം 2016ലും പൂവത്തും മൂട് മുതൽ ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ പാറകണ്ടം ജങ്ഷൻ വരെയുള്ള ഭാഗം 2020ലും പൂർത്തീകരിച്ചിരുന്നു. തുടർന്നുള്ള പ്രവർത്തനങ്ങൾ സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് ശേഷം 2020 ഓഗസ്റ്റിൽ ആരംഭിച്ചെങ്കിലും ഏറ്റെടുത്ത സ്ഥലങ്ങളിലെ വൃക്ഷങ്ങൾ, കെട്ടിടങ്ങൾ, വസ്‌തുവകകൾ തുടങ്ങിയവ നീക്കം ചെയ്‌ത് 2021ലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പ്രതികൂല കാലാവസ്ഥ, സ്ഥലം വിട്ടുകിട്ടുന്നതിലുള്ള നിയമ തടസങ്ങൾ, വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ തരണം ചെയ്‌താണ് പട്ടിത്താനം വരെയുള്ള 1.8 കിലോമീറ്ററിലെ ബൈപ്പാസ് നിർമാണം പൂർത്തീകരിച്ചത്. സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി എൻ വാസവൻ എല്ലാ മാസവും നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. മന്ത്രിയുടെ ഇടപെടലിലൂടെ സ്ഥലമേറ്റെടുപ്പ് അടക്കമുള്ളവയ്ക്ക് വേഗം കൂടി.
തെക്കൻ ജില്ലകളിലേക്കുള്ള യാത്ര ഇനി എളുപ്പം: ബൈപ്പാസ് നിർമാണം പൂർത്തിയായതോടെ സംസ്ഥാനത്തിന്‍റെ വടക്ക്, കിഴക്ക് ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരമടക്കം തെക്കൻ ജില്ലകളിലേയ്ക്ക് കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ടൗണുകളിലെ ഗതാഗത കുരുക്കിൽ പെടാതെ എളുപ്പത്തിൽ എത്തിച്ചേരാം. എം.സി റോഡിൽ നിന്ന് ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിലേക്ക് ഏറ്റുമാനൂർ നഗരം ചുറ്റാതെ പോകാനാകും.
1.80 കിലോമീറ്റർ നീളത്തിൽ ശരാശരി 16 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് 10 മീറ്റർ ശരാശരി കാര്യേജ് വേ നിർമിച്ചാണ് പട്ടിത്താനം-പാറകണ്ടം ഭാഗത്തെ ബൈപ്പാസ് റോഡ് നിർമാണം പൂർത്തീകരിച്ചത്. ഏറ്റെടുത്ത ഭൂമിയിലൂടെ ഒഴുകിയിരുന്ന തോടിന്‍റെ നീരൊഴുക്ക് തടസപ്പെടാതെയിരിക്കാൻ ഒമ്പത് കലുങ്കുകളും അരികുചാലുകളും ഇതോടൊപ്പം നിർമിച്ചിട്ടുണ്ട്. റോഡിന്‍റെ ഇരുവശവും സംരക്ഷണ ഭിത്തി നിർമിക്കുകയും റോഡ് സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തങ്ങൾ നടന്നു വരികയാണ്.
തിരക്കേറിയ പാറകണ്ടം-തവളകുഴി ജങ്ഷനുകളിൽ കെൽട്രോൺ മുഖാന്തരം 17 ലക്ഷം രൂപ ചെലവിൽ സോളാർ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് ജില്ല റോഡ് സുരക്ഷ അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ പാറകണ്ടം-പട്ടിത്താനം ജങ്ഷനുകളിൽ ട്രാഫിക് ഐലന്‍റുകൾ സ്ഥാപിക്കുന്നതിനായുള്ള പഠനം നടത്തുന്നതിന് നാറ്റ് പാക്കിന്‍റെ സേവനവും തേടിയിട്ടുണ്ട്.