കോട്ടയം: സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ വർധിക്കുന്നതിനിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോ സർജൻ വിഭാഗം നഴ്‌സ് രോഗിയുടെ ആക്രമണത്തിന് ഇരയായി. ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന മത്തായിപ്പാറ കണ്ണമ്പടി സ്വദേശിയായ കുരുവിള മാണി (66) എന്നയാളാണ് ന്യൂറോ സർജൻ വിഭാഗം നഴ്‌സിനെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ 5.45 നും 6 നും ഇടയിലാണ് നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റമുണ്ടായത്. ചികിത്സയിലിരിക്കുന്ന രോഗിക്ക് കുത്തിവയ്‌പ് എടുക്കുവാൻ എത്തിയ നഴ്‌സിന്‍റെ വലത് കൈ രോഗി ബലമായി പിടിച്ച് തിരിച്ചൊടിക്കുകയാരുന്നു. 25-ാം വാർഡിലാണ് അക്രമം നടന്നത്.
ചൊവ്വാഴ്‌ച ഡിസ്‌ചാർജ് ചെയ്യുവാൻ തീരുമാനിച്ചിരുന്ന രോഗിയായിരുന്നു അക്രമം നടത്തിയ മാണി. നഴ്‌സ് രോഗിയുടെ സമീപമെത്തി കുത്തിവയ്‌പ് എടുക്കുവാൻ ശ്രമിച്ചപ്പോൾ ഇയാൾ എനിക്ക് കുത്തിവയ്‌പ് എടുക്കണ്ടായെന്ന് പറഞ്ഞ് അക്രമാസക്തനാകുകയായിരുന്നു. തുടർന്ന് നഴ്‌സിന്‍റെ കൈ പിടിച്ചു തിരിച്ച രോഗി അസഭ്യം പറയുകയും ചെയ്‌തുവെന്നാണ് പരാതി.
തുടർന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് പോയ നഴ്‌സിന് യാത്രാമദ്ധ്യേ കൈയ്‌ക്ക് നീരുവയ്ക്കുകയും അസഹനീയമായ വേദനയും അനുഭവപ്പെട്ടു. ഇതേ തുടർന്ന് ഇവർ പാല ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തി ഡോക്‌ടറെ കാണുകയും എക്‌സ് - റേ എടുത്തു പരിശോധിക്കുകയും ചെയ്‌തു. പരിശോധനയിൽ വലതു കൈയ്ക്ക് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്‌ടർ നിർദേശിച്ചു.
തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി കയ്യിന് പ്ലാസ്റ്റർ ഇട്ട നഴ്‌സിന് ഒന്നര മാസത്തേയ്ക്ക് വിശ്രമം ആവശ്യമാണെന്ന് ഡോക്‌ടർ നിർദേശിച്ചു. രണ്ടാഴ്‌ച കഴിഞ്ഞ് തുടർ ചികിത്സയ്ക്ക് എത്തിച്ചേരുവാനും പറഞ്ഞു വിട്ടു. ഇന്നലെ മെഡിക്കൽ കോളജിലെത്തി ആശുപത്രി അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് കുരുവിള മാണിക്കെതിരെ ആശുപത്രി അധികൃതർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ALSO READ: ജോലിക്കിടെ വനിത ഡോക്‌ടറെ കുത്തിക്കൊന്നു; ആക്രമിച്ചത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി