കോട്ടയം: അതിഥി തൊഴിലാളിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പാലാ പൊലീസ് പിടികൂടി. അപകടം നടന്ന് പത്താം ദിവസമാണ് പൊലീസ് വാഹനം പിടികൂടുന്നത്. ഭരണങ്ങാനത്ത് ഒരു കോഴിക്കടയില്‍ ജീവനക്കാരനായ അസം സ്വദേശി വികാസാണ് അപകടത്തില്‍പെട്ടത്. ജൂണ്‍ മൂന്നാം തിയതിയാണ് സംഭവം.
പൊലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിറവം സ്വദേശിയായ സുനില്‍ കെ മാത്യുവിനെയും ഇയാളുടെ കാറും പാദുവായിലുള്ള വാടകവീട്ടില്‍ നിന്നും പിടികൂടിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വികാസിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ വികാസിന്‍റെ നില ഗുരുതരമായി തുടരുകയാണ്.
അപകടമുണ്ടാക്കിയത് വെള്ളനിറത്തിലുള്ള മാരുതി എസ്പ്രസോ കാര്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ ഉള്ള മുഴുവന്‍ വെള്ളനിറത്തിലുള്ള എസ് പ്രസോ വാഹനങ്ങളും പരിശോധിച്ചെങ്കിലും ഇടിച്ച വാഹനം കണ്ടെത്താന്‍ സാധിച്ചില്ല.
ALSO READ: കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ; പ്രശാന്ത് രാജിന്‍റേത് ആത്മഹത്യയെന്ന് കണ്ടെത്തല്‍
എന്നാല്‍ ഈ വാഹനം പൂഞ്ഞാര്‍ ഭാഗത്തുനിന്നും വന്ന് കിടങ്ങൂര്‍ ഭാഗത്തേക്ക് പോയെന്ന് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് പൂഞ്ഞാര്‍ ടൗണിലുള്ള അപകട ദിവസത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് രാവിലെ ഇതേ വാഹനം പാലായില്‍ നിന്നും പൂഞ്ഞാര്‍ ഭാഗത്തേക്ക് പോയതായി കണ്ടെത്തിയിരുന്നു. പാലാ ഡിവൈഎസ്പി കെ.ബി.പ്രഫുല്ല ചന്ദ്രന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് പ്രതിയേയും വാഹനവും പിടികൂടിയത്.