കോട്ടയം: പാലാ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മുത്തോലിയില്‍ തുടക്കമായി. സെന്റ് ആന്‍റണീസ് ഹയര്‍സെക്കന്‍ററി സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ററി സ്‌കൂള്‍, ടി.ടി.ഐ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനം സെന്റ് ആന്‍റണീസ് ഹയര്‍സെക്കന്‍ററി സ്‌കൂള്‍ ഹാളില്‍ ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. പാഠ്യവിഷയങ്ങള്‍ക്കൊപ്പം കലാ കായിക മികവുകളും പരിപോഷിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ജോസ് കെ മാണി പറഞ്ഞു.
യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സ്റ്റാന്‍ലി ചെല്ലിയില്‍ അധ്യക്ഷനായിരുന്നു, എ.ഇ.ഒ കെ.ബി ശ്രീകല, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജിസ്‌മോള്‍ തോമസ്, ജില്ലാ പഞ്ചായത്തംഗം ബെറ്റി റോയി, മാത്യു എം കുര്യാക്കോസ്, ലാലി ജോസ്, വിന്‍സി ജയിംസ്, പ്രിന്‍സിപ്പല്‍ ജസി മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു. പാലാ വിദ്യാഭ്യാസ ഉപജില്ലയിൽ 63 സ്‌കൂളുകളിലെ രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. എട്ട് വേദികളിലായാണ് യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ററി വിഭാഗങ്ങളിലെ മത്സരങ്ങള്‍ നടക്കുന്നത്. കൗമാര കലാപ്രതിഭകളുടെ കലാമികവ് തെളിയിക്കുന്ന കലോത്സവം ഒക്ടോബര്‍ മുപ്പത്തിയൊന്നിന് സമാപിക്കും.