കോട്ടയം: വിവാദങ്ങള്‍ക്ക് ഒടുവില്‍ പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് കെ എം മാണിയുടെ പേര് നല്‍കാന്‍ തീരുമാനം. കൗണ്‍സില്‍ യോഗത്തില്‍ വോട്ടെടുപ്പ് നടത്തിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. അതേസമയം, സ്‌റ്റേഡിയത്തിന്റെ പേര് ചെറിയാന്‍ ജെ കാപ്പന്‍ സ്‌മാരക സ്റ്റേഡിയമെന്ന് തന്നെ തുടരും. 5 നെതിരെ 15 വോട്ടുകള്‍ക്ക് വിഷയം കൗണ്‍സില്‍ അംഗീകരിച്ചു.
26 അംഗ കൗണ്‍സിലില്‍ ഭരണപക്ഷത്തെ ആറ് പേര്‍ പങ്കെടുത്തില്ല. നാല് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ബിജെപി അംഗവും യോഗത്തില്‍ ട്രാക്കിന് കെ എം മാണിയുടെ പേര് നല്‍കാനുള്ള നീക്കത്തെ എതിര്‍ത്തു. ഇടതുപക്ഷം നേരത്തെ തന്നെ ഇക്കാര്യത്തില്‍ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. കെ എം മാണിക്ക് ആദരമേകാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും ഈ നടപടി അനാദരവാണെന്നുമുള്ള പ്രതിപക്ഷ വാദങ്ങളെ മറികടന്നാണ് നഗരസഭയുടെ തീരുമാനം. സ്‌റ്റേഡിയത്തിലെ വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍ പുനക്രമീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കായികാധ്യാപകരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.