കോട്ടയം: വേനൽ മഴ കൂടിയതോടെ നെൽകർഷകർ ദുരിതത്തിലായി. അപ്രതീഷിതമായി പെയ്ത വേനൽമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് കാരണം കോട്ടയത്തെ നെൽകർഷകരാണ് ദുരിതമനുഭവിക്കുന്നത്. കോട്ടയം വാകത്താനത്ത് തൃക്കോതമംഗലം പാടശേഖരത്തിലാണ് വെള്ളക്കെട്ടുകാരണം കൊയ്ത്ത് യന്ത്രം ഇറക്കാൻ സാധിക്കാതെ നെൽകർഷകർ പ്രതിസന്ധിയിലായത്. ഇതേ തുടർന്ന് കർഷകർ നെല്ല് നേരിട്ട് കൊയ്തെടുക്കുകയാണ്.
ആറ് കർഷകർ ഒരുമിച്ച് ചേർന്നാണ് തൃക്കോതമംഗലം പാടശേഖരത്തിൽ ഇപ്രാവശ്യം കൃഷി ഇറക്കിയത്. അപ്രതീഷിതമായി ഉണ്ടായ കൃഷി നാശത്തെ കുറിച്ച് കർഷകർ കൃഷി വകുപ്പിൽ അറിയിച്ചെങ്കിലും കൃഷി ഭവൻ അധികൃതരിൽ നിന്നും ഇത് വരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. മഴക്കെടുതി കാരണം ഇനി കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിക്കുന്നതിന് മുൻപ് കഴിയുന്നത്ര നെല്ല് കൊയ്ത് എടുക്കാനാണ് വാകത്താനത്തെ കർഷകർ ശ്രമിക്കുന്നത്ത്.
കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നല്ല വിത്ത് സമയത്ത് നൽകാൻ കൃഷി ഭവൻ തയാറാകണമെന്നും പാടശേഖരസമിതി സെക്രട്ടറി ടി എന്‍ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. എല്ലാ വർഷവും ഇത്തരം അനാസ്ഥ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയിൽപ്പെട്ട് ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചിരിക്കുന്നത്. വിത്ത് കിട്ടാത്തതിനാൽ നവംബറിൽ തുടങ്ങേണ്ട കൃഷി ഡിസംബറിലാണ് ആരംഭിച്ചത്. സമയത്ത് വിത്ത് കിട്ടിയിരുന്നെങ്കിൽ വേനൽ മഴയ്ക്ക് മുൻപ് വിളവെടുക്കാൻ കഴിയുമായിരുന്നുവെന്നും കർഷകർ പറഞ്ഞു.
കർഷകർക്ക് നഷ്ട്ടപരിഹാരം ലഭ്യമാക്കണമെന്നും, കൃഷി വൈകിയാരംഭിക്കുന്നത് ഒഴിവാക്കാൻ കൃഷി ഭവൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കർഷകർ ആവിശ്യപ്പെടുന്നു.