കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള യു.ഡി.എഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ പി.ജെ.ജോസഫിനെ കൂക്കി വിളിച്ച് പ്രവർത്തകർ. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമാണ് ജോസഫ് വേദിയില്‍ എത്തിയത്. വേദിയിലേയ്ക്ക് ജോസഫ് കയറിയപ്പോള്‍ മുതല്‍ ബഹളമുയര്‍ന്നു. പ്രസംഗിച്ചുകൊണ്ടിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ ശാന്തമാക്കിയത്. ജോസഫ് പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കൂവലും തുടങ്ങി.
ജോസഫിനെതിരെ ഗോബാക്ക് വിളികളും ഉയര്‍ന്നു. ഇത് അവഗണിച്ചു ജോസഫ് പ്രസംഗം തുടര്‍ന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനു രണ്ടില ചിഹ്നം അനുവദിക്കാത്ത വരണാധികാരിയുടെ നിലപാട് നൂറു ശതമാനം ശരിയാണെന്നു പ്രതികരിച്ചതിനു തൊട്ടുപിന്നാലെയാണു ജോസഫ് വേദിയില്‍ എത്തിയത്. ജോസ് ടോമിന് മികച്ച വിജയം നേടാൻ സാധിക്കട്ടെയെന്ന് ജോസഫ് പ്രസംഗത്തിൽ പറഞ്ഞു.