കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും തുടർച്ചയായി ഉണ്ടാകുന്ന നീതി നിഷേധത്തിൽ പ്രത്യക്ഷ പ്രതിഷേധത്തിനൊരുങ്ങി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. കെട്ടാരക്കരയിൽ പ്രതിഷേധ സംഗമം തീർക്കാനാണ് ഓർത്തഡോക്സ് സഭയുടെ തീരുമാനം. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവവും ദേവാലയങ്ങൾ കേന്ദ്രീകരിച്ച്, വിഘടിത വിഭാഗം സായുധ അക്രമവും കയ്യേറ്റവും നടക്കുമ്പോൾ സർക്കാർ ക്രമസമാധാന സംവിധാനങ്ങൾ നോക്കുകുത്തികളായി അവശേഷിക്കുന്നു. സർക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകൾ സുപ്രീം കോടതി വിധിയുടെ ലംഘനമാണന്നും ഓർത്തഡോക്സ് സഭാ ആരോപിക്കുന്നു.
കൊട്ടാരക്കരയിൽ വച്ച് എട്ടാം തീയതി തെക്കൻ മേഖലയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടത്തുന്നത്. തുടർച്ചയായ നീതി നിഷേധം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രതിഷേധ സംഗമം ഒരുക്കുന്നതെന്നും സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. കൊല്ലം, തിരുവനന്തപുരം, കൊട്ടാരക്കര, പുനലൂർ, അടൂർ-കമ്പക്കട്, മാവേലിക്കര, ചെങ്ങന്നൂർ ഭദ്രാസനങ്ങളുടെ കീഴിലുള്ള ദേവാലയങ്ങളിൽ നിന്നുള്ളവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും. രണ്ട് മണിയോടെ എം.ജി.എം സ്കൂളിൽ നടക്കുന്ന പ്രതിഷേധ സംഗമം ബസേലിയോസ് മാർത്തോമൻ പൗലോസ് ദ്വിതീയൻ കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.