കോട്ടയം : കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോട്ടയം മലരിക്കലിൽ ആമ്പൽ ഫെസ്റ്റ് അടക്കമുള്ള ടൂറിസം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തലാക്കി ജില്ല കലക്ടർ ഡോ പി കെ ജയശ്രീയുടെ ഉത്തരവ്.
തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽ ആമ്പൽ ഫെസ്റ്റിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സന്ദർശകർ എത്തിയിരുന്നു. കൂടുതൽ ആളുകൾ എത്തിയത് വലിയ ജനത്തിരക്കിന് ഇടയാക്കി.
Also read: എം.ജി ബിരുദ ഏകജാലകം; സെപ്റ്റംബർ ഒന്നിനകം പ്രവേശനം നേടണം
കൂടാതെ തിരുവാർപ്പ് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രദേശത്തെ ടൂറിസം പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് കലക്ടർക്ക് കത്തും നൽകി.
ഇതൊക്കെ പരിഗണിച്ചാണ് ഫെസ്റ്റ് നിർത്താൻ കലക്ടർ ഉത്തരവിറക്കിയത്. ഓഗസ്റ്റ് 14 മുതലാണ് ആമ്പൽ ഫെസ്റ്റ് ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങളനുസരിച്ചായിരുന്നു സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആമ്പൽ ഫെസ്റ്റ് നിർത്തിവയ്ക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു.