കോട്ടയം: കോന്നിയിലെ താലൂക്ക് ഓഫിസിലെ കൂട്ട അവധി ഗുരുതരമായ തെറ്റെന്ന് പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഏത് സംഘടന ന്യായീകരിച്ചാലും അത് അംഗീകരിക്കാൻ കഴിയില്ലെന്നും സംഭവത്തില്‍ അവശ്യമായ നടപടി റവന്യു മന്ത്രി സ്വീകരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.പി ജയരാജന്‍റെ റിസോർട്ടുമായി ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കണമെന്നും പാർട്ടി തന്നെ കോടതിയും പൊലീസുമാകുന്നത് അംഗീരിക്കാനാകില്ലെന്നും ഇക്കാര്യത്തിൽ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കുള്ള പരിഹാസം: നികുതി അടയ്ക്കേണ്ടെന്ന സുധാകരന്‍റെ ആഹ്വാനം കെപിസിസി പ്രസിഡന്‍റിനോട് വിളിച്ച് ചോദിച്ചിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയെ കളിയാക്കി പറഞ്ഞതാണ്. നികുതി അടയ്ക്കാതിരിക്കുക എന്നത് പ്രായോഗികമായ കാര്യമല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഇടതുപക്ഷത്തോട് ചേർന്ന് നിന്നാൽ തിരിച്ചടി കിട്ടുമെന്ന് ജോസ് കെ മാണിയുടെ പാർട്ടി മനസിലാക്കണം. അവർ പ്രതിനിധികരിക്കുന്ന റബർ വിഷയത്തിൽ സർക്കാരിൽ നിന്ന് തിരിച്ചടിയുണ്ടായി. ഒരു പൈസ പോലും വിലസ്ഥിരത ഫണ്ടിൽ അനുവദിച്ചില്ല എന്നത് അപമാനമാണെന്നും ഇനി എന്താ ചെയ്യേണ്ടതെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
തൊട്ടാല്‍ പൊള്ളുന്ന വെള്ളം: വെള്ളക്കരം ഒരു രൂപ കൂട്ടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 350 ശതമാനം വര്‍ധനവാണ് വെള്ളക്കരത്തില്‍ വരുത്തിയിരിക്കുന്നത്. ഇതുകൂടാതെ കേന്ദ്ര സര്‍ക്കാരിന്‍റെ വായ്പാനയം മൂലം അഞ്ച് വര്‍ഷം കൊണ്ട് 25 ശതമാനത്തിന്‍റെ നിരക്ക് വര്‍ധനവുണ്ടാകും. ജനങ്ങളെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യാനുള്ള ഉപാധിയാക്കി വെള്ളത്തെ സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
പരസ്യമായ ബാന്ധവം: സിപിഎമ്മും ബിജെപിയും തമ്മില്‍ ഒത്തുകളിച്ചാണ് സിപിഐ നേതാവ് ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ സാക്ഷികള്‍ കൂറുമാറിയത്. സിപിഎം നേതാക്കള്‍ക്കൊപ്പം പോകുമ്പോഴാണ് ചന്ദ്രശേഖരന്‍ ആക്രമിക്കപ്പെട്ടത്. എന്നാല്‍ അതിലെ ദൃക്‌സാക്ഷികളായ സിപിഎം നേതാക്കള്‍ കുറുമാറിയതു കൊണ്ടാണ് പ്രതികളായ ബിജെപി നേതാക്കള്‍ രക്ഷപ്പെട്ടത്. മറ്റൊരു കേസില്‍ ബിജെപി നേതാക്കള്‍ കൂറുമാറി സിപിഎമ്മുകാരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മില്‍ നടക്കുന്ന ഒത്തുകളിയുടെ ചെറിയൊരു ഉദാഹരണമാണ് കാസര്‍കോട് കണ്ടത്. കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മില്‍ ബന്ധമുണ്ട്. ഇവരുടെ സൗഹൃദം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനാണ് ഇത്രയും പണം മുടക്കി കെ.വി തോമസിനെ ഡല്‍ഹിയിലേക്കയച്ചിരിക്കുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.