കോട്ടയം: കോട്ടയം നഗരസഭാ അധ്യക്ഷ പി.ആർ സോനക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം. ചൊവ്വാഴ്‌ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം അധ്യക്ഷക്കെതിരെ പ്രതിഷേധിച്ചു. താൽക്കാലിക ശുചീകരണ തൊഴിലാളികളുടെ നിയമനത്തിലാണ് വിവാദം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24ന് ചേര്‍ന്ന കൗൺസിൽ യോഗത്തിലാണ് ശുചീകരണ തൊഴിലാളി നിയമനത്തെ സംബന്ധിച്ച് ചർച്ച നടന്നത്.
52 അംഗ കൗണ്‍സിലില്‍ ഭരണ പക്ഷത്തിന്‍റെ 11 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. 41 അംഗങ്ങളില്‍ 21 അംഗങ്ങള്‍ നിയമനത്തെ പ്രതികൂലിച്ചിരുന്നു. എന്നാല്‍ ബാക്കി 20 അംഗങ്ങളുടെ പിന്‍ബലത്തില്‍ നഗരസഭ തുടര്‍ നടപടികള്‍ സ്വീകരിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി കൗണ്‍സില്‍ യോഗത്തില്‍ എത്തിയത്. നിയമനത്തിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് ഭരണപക്ഷക്കാരാണെന്നും പ്രതിപക്ഷ നേതാവ് സത്യനേശന്‍ ആരോപിച്ചു. യോഗത്തില്‍ പ്രതിപക്ഷം വിഷയം അവതരിപ്പിച്ചതോടെ നഗരസഭ അധ്യക്ഷ ചേമ്പറില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധിച്ചു. ഭൂരിപക്ഷ പിന്‍തുണയില്ലാതെ തൊഴിലാളി നിയമനം നടത്താനുള്ള അധ്യക്ഷയുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.