കോട്ടയം: പാലാ ളാലം നെല്ലിയാനിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിയാനിയിൽ പുളിക്കൽ വീട്ടിൽ ജോലി ചെയ്‌തിരുന്ന ഭൂതറാം പൂർത്തി (38) യെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്‌ച(ഒക്‌ടോബര്‍ 5) രാവിലെ ഇയാളെ കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
20 വർഷം മുമ്പ് കേരളത്തിൽ എത്തിയതാണ് ഭൂതറാം. പുളിക്കൽ വീട്ടിൽ രാഹുൽ പി ആറിന്‍റെ ജീവനക്കാരനായിരുന്നു ഇയാള്‍. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ പാലാ പൊലീസിൽ വിവരം അറിയിച്ചു.
ഭൂതറാമിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തു വന്നു. പുളിക്കൽ കുടുംബവുമായി ഇയാൾക്ക് തർക്കവും വഴക്കുകളും ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു.
പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്‌ടർ കെ പി ടോംസണിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്തതായി പാലാ പൊലീസ് അറിയിച്ചു.