കോട്ടയം: പാലാ മുത്തോലി കൃഷി ഭവനിൽ കൃഷി ഓഫിസറെ നിയമിക്കാത്തത് ബിജെപി ഭരിക്കുന്ന പഞ്ചായത്തിനോടുളള രാഷ്ട്രീയ വിരോധം കൊണ്ടാണെന്ന് ആരോപണം. കൃഷി ഓഫിസർ 8 മാസം മുൻപ് വിരമിച്ചു. അതിനുശേഷം നാളിതുവരെയും നിയമനം ഉണ്ടായിട്ടില്ല.
നിലവിൽ 2 കൃഷി അസിസ്റ്റന്‍റുമാരാണ് ഉള്ളത്. ഇതിൽ ഒരാൾ 6 മാസക്കാലമായി തുടരെ തുടരെ അവധിയിലുമാണ്. കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ ഇത് മൂലം കാലതാമസം നേരിടുന്നു. കൂടാതെ കർഷകർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും കാലതാമസം ഉണ്ടാകുന്നു. തരിശ് ഭൂമി കൃഷിയിടങ്ങൾ ആക്കുന്നതുൾപ്പടെ നിരവധി കൃഷിയിടങ്ങളിൽ സാങ്കേതിക സഹായം നൽകുന്നതിന് പോലും ഒരാളില്ല. പഞ്ചായത്തിന്‍റെ പദ്ധതി 100% എത്തിക്കുന്നതിൽ പ്രധാന പങ്ക് കൃഷി മേഖലയിലാണെന്നിരിക്കെയാണ് പ്രതിസന്ധി.
ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാൽ പദ്ധതികളുടെ നടത്തിപ്പിനും കർഷകരോടുള്ള ഇടപെടലുകൾക്കും കോട്ടം വരുത്തുന്നതിന് മറ്റ് രാഷ്ട്രിയ ഇടപെടലുകൾ ഇതിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കർഷകരോട് കാണിക്കുന്ന ക്രൂരതയാണ് ഇതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് രൺജിത്ത് ജി. മീനാഭവൻ ആരോപിച്ചു.