കോട്ടയം: ഏഴു പേർക്ക് പുതുജീവിതം നൽകി നേവിസ് നിത്യതയിലേക്ക്. മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്‍റെ അവയവങ്ങൾ ഏഴുപേർക്കാണ് ദാനം ചെയ്തത്. കോട്ടയം വടവാതൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിൽ സാജൻ മാത്യുവിന്‍റയും ഷെറിന്‍റെയും മകനാണ് നേവിസ് (25).
എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്‍റെ ഹൃദയം കണ്ണൂർ സ്വദേശിയായ 59 കാരന് വച്ചു പിടിപ്പിച്ചു. നേവിസിന്‍റെ കരളും കിഡ്നിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തു.
ഫ്രാന്‍സില്‍ വിദ്യാർഥിയായിരുന്ന നേവിസ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് ഈ മാസം 16ന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൂടുതൽ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
കൂടുതല്‍ വായനക്ക്: സുധീരന്‍റെ രാജിയില്‍ കലങ്ങി കോൺഗ്രസ്, അനുനയ നീക്കവുമായി നേതാക്കൾ
ഇതോടെ ഹൃദയം മറ്റൊരാള്‍ക്ക് നല്‍കാന്‍ കുടുംബം തയ്യാറാകുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്ത് നിന്നും ഹൃദയം കോഴിക്കോട് മെട്രോ ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ കണ്ണൂര്‍ സ്വദേശിയുടെ ശരീരത്തിലേക്ക് ഹൃദയം മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെ തുടങ്ങിയ ശസ്ത്രക്രിയ പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്.
എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേവിസിന്‍റെ മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ചൊവ്വാഴ്ച്ച കോട്ടയം ശാസ്ത്രി റോഡിലെ സെന്‍റ് തോമസ് മലങ്കര കാത്തലിക് പള്ളിയിൽ നടക്കും.