കോട്ടയം : വീടിനുസമീപത്ത് ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം കത്തിച്ചതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിയെ അയൽവാസി മരത്തടികൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. വെച്ചൂർനഗരിനയിൽ പടിഞ്ഞാറെ അമ്പാട്ടുചിറയിൽ ജോൺസന്‍റെ ഭാര്യ റാണിക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. വെച്ചൂർ നഗരി ആരോമല്‍ ഭവനില്‍ ഭാസിയാണ് ആക്രമിച്ചത്.
തിങ്കളാഴ്ചയായിയിരുന്നു സംഭവം. ഭാസിയുടെ വീടിന്‍റെ വാസ്തുബലിയോടനുബന്ധിച്ച് സത്കാരം നടത്തിയിരുന്നു. ഇതിന്‍റെ ഭക്ഷണാവശിഷ്ടങ്ങൾ റാണിയുടെ വീടിനോട് ചേര്‍ന്നുള്ള ഭാസിയുടെ പറമ്പില്‍ തള്ളി. ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയതിന് പിന്നാലെ തെരുവുനായള്‍ കൂട്ടത്തോടെ ഇവിടെ എത്തി. നായ്ക്കള്‍ കടിപിടി കൂടിയതോടെ സമീപവാസികൾക്ക് ശല്യമായി. ഇതിനിടെ ഭാസിയെത്തി രാത്രി തന്നെ അവശിഷ്ടങ്ങളുടെ കുറച്ചുഭാഗം കത്തിയ്ക്കുകയും ചെയ്തിരുന്നു.
കൂട്ടത്തോടെ എത്തിയ നായകള്‍ രാത്രിയില്‍ ശബ്ദമുണ്ടാക്കി.നായശല്യം രൂക്ഷമായതോടെ അസുഖ ബാധിതനായ റാണിയുടെ ഭർത്താവ് ജോണി അസ്വസ്ഥനായി. രോഗ ബാധിതനായ ഭര്‍ത്താവിന്‍റെ ഉറക്കം നഷ്ടപ്പെട്ടാൽ അത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ഭയന്നു. ഇതോടെയാണ് അടുത്ത ദിവസം രാവിലെ റാണി തന്‍റെ ഫേസ്ബുക്കില്‍ അധികൃതരുടെ ശ്രദ്ധ തേടി വീഡിയോ പോസ്റ്റ് ചെയ്‌തത്.
Also Read: വീട് പണിക്കിടെ തര്‍ക്കം ; സംഘങ്ങളായി തിരിഞ്ഞ് വെടിവെപ്പും കല്ലേറും
പോസ്റ്റിന് പിന്നാലെ ഭാസിയെത്തി ബാക്കിയുണ്ടായിരുന്ന മാലിന്യത്തിന് തീയിടാന്‍ ശ്രമിച്ചു. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട റാണി പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നതിനെ എതിര്‍ത്തു. പരിസരങ്ങളില്‍ ക്യാന്‍സര്‍ ബാധിതയായ യുവതിയും ആസ്‌ത്‌മ രോഗിയും ഉണ്ടെന്ന് ഇവര്‍ ഭാസിയോട് പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഭാസി അസഭ്യം പറയുകയും മുണ്ട് പൊക്കി കാണിക്കുകയും വീട്ടുമുറ്റത്ത് കിടന്ന തടിക്കഷണമെടുത്ത് തലയില്‍ അടിക്കുകയുമായിരുന്നുവെന്ന് റാണി പറഞ്ഞു.
അതിക്രമം കണ്ട് ഭര്‍ത്താവ് ജോൺസൺ ഓടിയെത്തി തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയുടെ തലയ്ക്ക് അടിയേറ്റിരുന്നു. ജോൺസന്‍റെ കൈകളിലും വയറിലും ക്ഷതമേറ്റിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ് ചോര വാർന്ന റാണിയെ ഉടൻ വൈക്കം താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചു. തലയില്‍ നാല് തുന്നലുണ്ട്. സംഭവത്തിൽ റാണിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഭാസിക്കൊപ്പം രണ്ട് പേര്‍കൂടി ആക്രമണ സമയത്ത് ഉണ്ടായിരുന്നുവെന്നും ഉന്നത ബന്ധമുള്ള ഇവര്‍ പലിശയ്ക്ക് പണം കൊടുക്കുന്ന സംഘമാണെന്നും ആരോപണമുണ്ട്.