കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കോട്ടയം മെഡിക്കൽ കോളജ് അധികൃതർ ജയിൽ ഡിഐജിക്ക് മൊഴി നൽകി. രാജ്‌കുമാറിനെ ആശുപത്രിയിൽ എത്തിക്കുന്നതിലും വിദഗ്ധ ചികിത്സ നൽകുന്നതിലും ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് യൂറോളജി വിഭാഗത്തിലെ റസിഡന്‍റ് ഡോക്ടറുടെ മൊഴി. എന്നാൽ പരിശോധന ഫലങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ഡോക്ടർ മൊഴി നൽകി. വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിലാണ് ഡോക്ടർമാർ വിവരങ്ങൾ വെളിപ്പെടുത്തിയത്.
സ്കാനിങ്ങ്, എക്സ്റേ തുടങ്ങിയ പരിശോധനകള്‍ക്ക് നിർദേശിച്ചിരുന്നെങ്കിലും ഇവയൊന്നും ചെയ്തിരുന്നില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുന്നു. ഒപി ടിക്കറ്റെടുത്ത ശേഷം ചടങ്ങ് തീർക്കുന്നത് പോലെ ഡോക്ടറെ കണ്ട് ജയിൽ ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. ജൂൺ 19, 20 തിയതികളിൽ രാജ്‌കുമാറിനെ ചികിത്സക്ക് എത്തിച്ചെന്നായിരുന്നു പീരുമേട് ജയിൽ അധികൃതരുടെ വാദം. മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന വിവരം കണക്കിലെടുത്താല്‍ ഗുരുതര വീഴ്‌ചയാണ് ജയിൽ അധികൃതരിൽ നിന്നും ഉണ്ടായിരിക്കുന്നത്. വകുപ്പു തല അന്വേഷണ റിപ്പോർട്ടിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ ജയിൽ അധികൃതർക്കെതിരെയും നടപടികൾ ഉണ്ടാക്കനുള്ള സാധ്യതയുണ്ട്.