കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ എന്‍സിപിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായം മാനിക്കാതെയുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിൽ മാണി സി കാപ്പന് പിന്തുണയുണ്ടാവില്ലെന്നും പകരം മറ്റൊരു സ്ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്നും വിമത പക്ഷം പറയുന്നു.
വിജ്ഞാപനത്തിന് മുമ്പ് തന്നെ മാണി സി കാപ്പന്‍ സ്വയം പ്രഖ്യാപിത സ്ഥാനാർഥിയാവുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. മാണി സി കാപ്പന്‍റെ സ്ഥാര്‍ഥിത്വത്തില്‍ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പുയര്‍ന്നിരുന്നു. ഇവരാണ് പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള നീക്കം നടത്തുന്നത്.
പാർട്ടി പുറത്താക്കിയവരുടെ വാക്കുകൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്നും വിമത സ്ഥാനാർഥിയെ പാലായിലെ ജനങ്ങൾ പിന്തുണക്കില്ലെന്നുമാണ് മാണി സി കാപ്പൻ ഇതിനോട് പ്രതികരിച്ചത്. വിമത നീക്കം എൽഡിഎഫ് ക്യാമ്പിൽ നേരിയ ആശങ്കക്ക് വഴിവച്ചിട്ടുണ്ട്. വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ എല്‍ഡിഎഫ് തുടങ്ങുമെന്നാണ് സൂചന.