കോട്ടയം: പാലാ പുലിയന്നൂർ തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ നവരാത്രിയാഘോഷങ്ങൾ നടന്നു. ഇവിടത്തെ ഇരുപത്തിയഞ്ചോളം കുടുംബങ്ങളാണ് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്തത്. പുലിയന്നൂർ തമിഴ് ബ്രാഹ്മണ സമൂഹം പ്രസിഡന്റ് വി.ശ്രീനിവാസൻ അയ്യർ, സെക്രട്ടറി എൻ.എ മണി, വനിതാ വിഭാഗം ചുമതലക്കാരായ വി.ചെല്ലമണി, ഭാഗ്യലക്ഷ്മി, ലക്ഷ്മി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണ നവരാത്രി ആഘോഷങ്ങൾ നടന്നത്.
ദേവീ ഉപാസനയ്ക്കും ദേവി പ്രീതിക്കുമുള്ള ഉത്തമ മാർഗമാണ് നവരാത്രി വ്രതം. ഏത് പ്രായത്തിലുള്ളവർക്കും മാതൃ സ്വരൂപിയായ ദേവിയുടെ അനുഗ്രഹത്തിനായി വ്രതം അനുഷ്ഠിക്കാവുന്നതാണ്. ബൊമ്മക്കൊലു പ്രതിഷ്ഠിച്ചായിരുന്നു അനുഷ്ഠാനച്ചടങ്ങുകൾ.ഒൻപതു ദിവസം വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാമെന്ന് വിധിയുണ്ട്. എല്ലാ ദിവസവും വ്രതമെടുക്കാൻ കഴിയാത്തവർക്ക് സപ്‌തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളിൽ വ്രതമെടുക്കാം. മഹാകാളി, മഹാലക്ഷ്‌മി, സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിവസങ്ങളിൽ പൂജിക്കേണ്ടത്. പുലിയന്നൂർ തമിഴ് ബ്രാഹ്മണ സമൂഹം വർഷങ്ങളായി ഈ ചടങ്ങുകൾ ആചരിക്കുന്നുണ്ട്