കോട്ടയം: തന്‍റെ കോട്ടയം സന്ദര്‍ശനത്തെ കുറിച്ച് ഡിസിസി നേതൃത്വത്തെ അറിയിച്ചിരുന്നു എന്ന ശശി തരൂരിന്‍റെ പ്രസ്‌താവന തെറ്റിദ്ധാരണാജനകമാണെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. പരിപാടിയെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പാലായില്‍ നടക്കുന്ന കെ എം ചാണ്ടി അനുസ്‌മരണ യോഗത്തില്‍ തരൂരുമായി വേദി പങ്കിടില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.
ശശി തരൂരിന്‍റെ ഓഫിസില്‍ നിന്നെന്നു പറഞ്ഞ് ഫോണ്‍ വന്നിരുന്നു. എന്നാല്‍ കാര്യം വിശദീകരിക്കാതെ കോള്‍ കട്ട് ചെയ്യുകയാണ് ഉണ്ടായത്. കോട്ടയത്തെ പാര്‍ട്ടി പരിപാടിയെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇതിനെതിരെ എഐസിസിക്കും കെപിസിസിക്കും പരാതി നല്‍കുമെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസിന്‍റെ പരിപാടിക്ക് വിലക്കില്ല. ശരി തരൂർ വരുന്നതിനും എതിരില്ല. എന്നാൽ പാർട്ടി ജില്ല നേതൃത്വത്തെ അറിയിച്ചില്ല എന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നും സുരേഷ് പറഞ്ഞു.