കോട്ടയം : നാർകോട്ടിക് ജിഹാദ്, ലൗ ജിഹാദ് എന്നീ വിവാദ പരാമർശങ്ങൾ നടത്തിയ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് പാലാ രൂപത സഹായ മെത്രാൻ ജേക്കബ് മുരിക്കൻ. സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതയെ കുറിച്ചുള്ള മുന്നറിയിപ്പാണ് ജോസഫ് കല്ലറങ്ങാട്ട് നൽകിയതെന്ന് സഹായ മെത്രാൻ പ്രസ്‌താവനയിൽ പറഞ്ഞു.
ബിഷപ്പിന്‍റെ പരാമർശം ഒരു സമുദായത്തിനും എതിരല്ലെന്നും എല്ലാ മത വിഭാഗങ്ങൾക്കും ബാധകമായ സാഹചര്യമാണ് ബിഷപ്പ് ഓർമപ്പെടുത്തിയതെന്നുമാണ് ജേക്കബ് മുരിക്കന്‍റെ വാദം.
Also Read: കര്‍ണാലിലെ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്
മതത്തിന്‍റെ പേര് ഉപയോഗിച്ച് തീവ്ര മൗലികവാദവും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന വളരെ ചെറിയ വിഭാഗത്തിന്‍റെ നടപടികളെ ഗൗരവമായി കാണണമെന്നാണ് ബിഷപ്പ് പറഞ്ഞത്. വരും കാലത്തേയ്ക്കുള്ള പ്രവാചക ശബ്‌ദമാണിതെന്നും സഹായ മെത്രാൻ വിശേഷിപ്പിച്ചു.
ആരെയും വേദനിപ്പിക്കാനല്ല, മറിച്ച് ആരും വേദനിക്കാതിരിക്കാനാണ് അദ്ദേഹം പരാമർശം നടത്തിയത്. തെറ്റിദ്ധാരണ ഒഴിവാക്കി പരസ്‌പര സഹവർത്തിത്വത്തോടെ എല്ലാവരും പ്രവർത്തിക്കണമെന്നും സഹായ മെത്രാൻ ആവശ്യപ്പെട്ടു.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദ പ്രസംഗത്തെ തുടർന്ന് മുസ്ലിം സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് സഹായ മെത്രാൻ ബിഷപ്പിന് പിന്തുണ അറിയിച്ചത്.