കോട്ടയം: തപാൽ വോട്ടുകളിൽ കൃത്രിമം നടത്തുന്നുവെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. കള്ളവോട്ടുകൾ ചെയ്യാനുള്ള ഗൂഢാലോചന ഇരട്ട വോട്ടുകളിൽ ഉണ്ട്. അതിനുള്ള ശ്രമങ്ങൾ തടയാനുള്ള നടപടി ഇലക്ഷൻ കമ്മിഷൻ സ്വീകരിക്കണമെന്ന് എം എം ഹസൻ. കായംകുളം കൊച്ചുണ്ണി സോഷ്യലിസ്റ്റ് കൊള്ളക്കാരനാണെങ്കിൽ മുഖ്യമന്ത്രി കമ്യൂണിസ്റ്റ് കൊള്ളക്കാരനാണെന്നും കായംകുളം കൊച്ചുണ്ണി ഇന്നുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് ശിഷ്യപ്പെടുമായിരുന്നുവെന്നും ഹസൻ പരിഹസിച്ചു. രാഹുൽ ഗാന്ധിയെ കുറിച്ച് ജോയ്സ് ജോർജ് പറഞ്ഞത് സംസ്കാര ശൂന്യമാണെന്നും മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും ഹസൻ പറഞ്ഞു.
"സർക്കാർ 8 മാസം അരി പൂഴ്ത്തിവച്ചു. അരി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതാണ് യുഡിഎഫ് ചോദ്യം ചെയ്തത്. ലൗ ജിഹാദിനെക്കുറിച്ച് ജോസ് കെ മാണിയുടെ പ്രസ്താവന ഭാവിയിൽ ബിജെപിയിലേക്ക് പോകാനുള്ള പാലമിടൽ മാത്രമാണ്" കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ഹസൻ പറഞ്ഞു.