കോട്ടയം: പാലായിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ വനിത കായിക താരത്തോട് മോശമായി പെരുമാറിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗം സജീവ് കണ്ടത്തിൽ, പ്രകാശ് എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്.
വനിത കായിക താരത്തിനും കോച്ചായ ഭർത്താവിനും നേരെയാണ് സജീവ് കണ്ടത്തിൽ എന്ന മുൻ കായികതാരം അസഭ്യവർഷം നടത്തിയത്. കായിക താരങ്ങൾക്കുള്ള ട്രാക്കിലൂടെ മാനേജിങ് കമ്മിറ്റി അംഗവും ഒപ്പമുണ്ടായിരുന്ന ആളും നടന്ന് താരത്തിന്‍റെ പരിശീലനം മുടക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്‌ത കായിക താരത്തിനും ഭർത്താവിനും നേരെ സജീവ് മോശമായി പെരുമാറി. സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഇയാൾ ആക്ഷേപിച്ചുവെന്നും പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഡിയത്തിൽ എത്തിയെങ്കിലും നാളെ പരാതി നൽകിയാൽ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞ് പൊലീസ് മടങ്ങിയെന്ന് കായിക താരം ആരോപിക്കുന്നു. പ്രതികളെ ഉടൻ പിടികൂടണമെന്നും വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് താരവും ഭർത്താവും സ്റ്റേഡിയത്തിൽ ഇരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പാലാ സിഐ കെ.പി തോംസൺ സ്ഥലത്ത് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.