കോട്ടയം: വാവ സുരേഷ് അപകടനില തരണം ചെയ്‌തു വരുന്നുവെന്ന് മന്ത്രി വി.എൻ വാസവൻ. ആരോഗ്യനില പ്രതീക്ഷ നൽകുന്നുണ്ട്. കൈ കാലുകൾ അനക്കി തുടങ്ങുകയും വിളിക്കുമ്പോൾ പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. വാവ സുരേഷിന് ഇതുവരെ ഏറ്റിട്ടുള്ളതിൽ വച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാൻ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കൽ കോളജിൽ വാവ സുരേഷിന് നൽകുന്നുണ്ടെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
സുരേഷ് വെന്‍റിലേറ്ററിലാണ് എന്നും ആശാവഹമായ പുരോഗതിയുണ്ടെന്നും 18 മണിക്കൂർ പിന്നിട്ടപ്പോൾ മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നെണ്ടെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. കോട്ടയം മെഡിക്കൽ കൊളജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വി.എൽ ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഗമിത്ര, ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രത്യേക പരിശീലനം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, ന്യൂറോ വിഭാഗത്തിലെ ഡോക്‌ടർമാർ എന്നിവരടങ്ങിയ മെഡിക്കൽ ടീമാണ് മെഡിക്കൽ ബോർഡ് യോഗത്തിൽ വാവ സുരേഷിന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നത്.
രാവിലെ തലച്ചോറിന്‍റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി കണ്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഹൃദയമിടിപ്പ് സാധാരണ നിലയിലായിട്ടുണ്ട്. രക്ത സമ്മർദ്ദവും സാധാരണ ഗതി കൈവരിച്ചു. തിങ്കളാഴ്‌ച വൈകിട്ടാണ് കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് മൂർഖന്‍റെ കടിയേറ്റത്.
Also Read: മൂർഖൻ പാമ്പിന്‍റെ കടിയേറ്റ വാവ സുരേഷിൻ്റെ നിലയിൽ നേരിയ പുരോഗതി