കോട്ടയം: ആചാര തനിമയോടെ ഇക്കൊല്ലവും ഉത്രാടക്കിഴി സമർപ്പണം നടന്നു. കോട്ടയം വയസ്ക്കര ഇല്ലത്തെ സൗമ്യവതി തമ്പുരാട്ടിയ്‌ക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ ഉത്രാടക്കിഴി സമർപ്പിച്ചു. 83 കാരിയായ സൗമ്യവതി തമ്പുരാട്ടിയ്‌ക്ക് ഈ ചടങ്ങ് രാജഭരണ കാലത്തെ സ്‌മരണ പുതുക്കൽ കൂടിയാണ്.
കൊച്ചി രാജാവ്, രാജ കുടുംബാംഗങ്ങളായ സ്‌ത്രീകള്‍ക്ക് ഓണത്തോട് അനുബന്ധിച്ച് നല്‍കി വന്നിരുന്ന സമ്മാനമാണ് ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്‍റെ പിന്‍മുറക്കാരിയെന്ന നിലയ്ക്കാണ് വയസ്ക്കര രാജരാജവര്‍മയുടെ ഭാര്യ സൗമ്യവതി തമ്പുരാട്ടിയ്‌ക്ക് ഉത്രാടക്കിഴി നൽകിയത്. മന്ത്രി വിഎൻ വാസവനും, തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ എംഎല്‍എയും കോട്ടയം വയസ്ക്കര ഇല്ലത്ത് എത്തിയാണ് ഉത്രാടക്കിഴി സമർപ്പിച്ചത്.
ഉത്രാടക്കിഴിക്ക് ഒപ്പം ഓണക്കോടിയും കൈമാറി. കോട്ടയം ജില്ലയില്‍ ഒരാള്‍ക്ക് മാത്രമാണ് ഉത്രാടക്കിഴി ലഭിക്കുന്നത്. ഉത്രാടക്കിഴി തുക വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. 14 രൂപയായിരുന്ന കിഴി നിലവിൽ ആയിരത്തി ഒന്ന് രൂപയായാണ് നൽകുന്നത്.
Also read: 'നാടും നഗരവും ഉത്രാടപ്പാച്ചിലില്‍'; തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് 'കുട്ടികളുടെ ഓണം'