കോട്ടയം : ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായ ഫാസിസ്റ്റ് പ്രണതകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍.
75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രമായി ചിന്തിക്കാനും എഴുതാനും പ്രവര്‍ത്തിക്കാനും ആചാരങ്ങള്‍ പിന്തുടരാനും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.
അതിനുള്ള സ്വാതന്ത്ര്യം പൂർണതോതിൽ എല്ലാവർക്കും അനുഭവവേദ്യമാകുന്നതിന് മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യ സംവിധാനം ഉണ്ടാകണം.
സ്വന്തം ജീവന്‍ പണയംവച്ചും നാടിന്‍റെ സുരക്ഷയ്ക്കായി കൊവിഡിനെതിരായ പോരാട്ടത്തിൽ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് മാനദണ്ഡം പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു സ്വാതന്ത്ര്യദിനാഘോഷം. ചടങ്ങിൽ മാർച്ച് പാസ്റ്റ് ഒഴിവാക്കിയിരുന്നു. മന്ത്രി പരേഡിനെ അഭിവാദ്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്തു.
ജില്ല കലക്‌ടർ ഡോ. പി.കെ ജയശ്രീ, ജില്ല പൊലീസ് മേധാവി ഡി.ശിൽപ എന്നിവർ അഭിവാദ്യം സ്വീകരിച്ചു. ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് ഏബ്രഹാം വര്‍ഗീസ് ആയിരുന്നു പരേഡ് കമാന്‍ഡർ.
Also Read: സി.പി.എം ദേശീയ പതാകയെ അപമാനിച്ചുവെന്ന് കെ.എസ് ശബരീനാഥന്‍
കേരള സിവില്‍ പോലീസ്, വനിത പോലീസ്, സിവില്‍ പോലീസ്(ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ്), എക്സൈസ്, ഫോറസ്റ്റ് എന്നിവയുടെ ഓരോ പ്ലാറ്റൂണുകളും ആരോഗ്യപ്രവർത്തകരുടെ പ്രതിനിധികളും ആഘോഷത്തിൽ പങ്കുചേർന്നു.