കോട്ടയം: തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വൈക്കം വെച്ചൂരിൽ നടന്നു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. പത്ത് വർഷം കൊണ്ട് രണ്ട് കോടി തെങ്ങിൻ തൈകൾ വച്ചു പിടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
വൈക്കം പുത്തൻ കായൽ പ്രദേശത്തെ കർഷകർക്കായി 5000 തെങ്ങിൻ തൈകൾ നൽകുന്ന കോക്കനട്ട് കൗൺസിൽ പദ്ധതിയും വിവിധ കാർഷിക പദ്ധതികളുടെ ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്‌ത അദ്ദേഹം മികച്ച കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കുമുള്ള പുരസ്‌കാര ദാനവും നിര്‍വഹിച്ചു. സി.കെ. ആശ എംഎൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.