കോട്ടയം: എല്ലാ വിധത്തിലുള്ള ഖനന പ്രവര്‍ത്തനങ്ങളും നിരോധിക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് കോട്ടയം ജില്ല ദുരന്ത നിവാരണ അതോറിറ്റി. വരും മണിക്കൂറുകളില്‍ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍ററിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഉത്തരവ്.
മലയോര മേഖലയില്‍ കനത്ത മഴ തുടരുമെന്നതിനാൽ ദുരന്തസാധ്യത ഒഴിവാക്കുന്നതിനായാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഖനനപ്രവർത്തനങ്ങൾ നടത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്‌സൺ കൂടിയായ ജില്ലാ കലക്‌ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
READ MORE: സംസ്ഥാനത്ത് മഴ ശക്തമാകും; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ശക്തമായതിനാൽ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 27 വരെ കാലവര്‍ഷം ശക്തിപ്രാപിക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുണ്ട്. മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ മണ്ണിടിച്ചിലും കൃഷിനാശവും ഉണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂന മര്‍ദമാണ് കാലവര്‍ഷം ശക്തമാക്കിയത്.