കോട്ടയം: വിജയപുരം പഞ്ചായത്തിന്‍റെ സ്വപ്‌ന പദ്ധതിയായ മീനന്തറയാർ ടൂറിസം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യ ഘട്ടമായി 20 ലക്ഷം മുടക്കി നിര്‍മിച്ച കുട്ടികളുടെ പാര്‍ക്കിന്‍റെ നിർമാണം പൂർത്തിയായി. പഞ്ചായത്തിന്‍റെ തനത് ഫണ്ടിൽ നിന്നും പണം മുടക്കിയാണ് പാര്‍ക്ക് നിര്‍മിച്ചത്. മീനന്തറയാർ കേന്ദ്രീകരിച്ച് വിവിധ ടൂറിസം പദ്ധതികൾ ആരംഭിക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.
ഈ മാസം തന്നെ പാർക്ക് തുറന്ന് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വി.ടി സോമൻകുട്ടി പറഞ്ഞു. അടുത്ത ഘട്ടമായി മീനന്തറയാര്‍ അവസാനിക്കുന്ന വടവാതൂർ കടത്തുകടവിൽ പെഡസ്‌റ്റ്യൽ ബോട്ടുകളും, സ്‌പീഡ് ബോട്ടുകളും നീറ്റിലിറക്കും. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പുതിയ പദ്ധതിയായ 'ഒരു പഞ്ചായത്തിൽ ഒരു ടൂറിസം' എന്ന പദ്ധതിയും വിജയപുരത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് മീനന്തറയാറിൽ റോപ് വേ അടക്കമുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി ചർച്ച നടന്നെങ്കിലും പദ്ധതി യാഥാർഥ്യമായില്ല. എന്നാൽ പുതിയ ടൂറിസം പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ട് പോവുമെന്നും സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കുന്ന മുറയ്‌ക്ക് പ്രോജക്‌ട് റിപ്പോർട്ടുകൾ സമർപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. മീനച്ചിലാറിന്‍റെ പ്രധാന കൈവഴിയായ മീനന്തറയാറിലേക്ക് ഷട്ടർ സ്ഥാപിച്ച് ജല വിതാനം ഉയർത്താനും പഞ്ചായത്തിന് പദ്ധതിയുണ്ട്.
കുട്ടികളുടെ പാർക്കിലേക്ക് വേണ്ട ഉപകരണങ്ങൾ സജ്ജീകരിച്ചു കഴിഞ്ഞു. പ്രദേശം വൃത്തിയാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. മീനന്തറ ടൂറിസം പദ്ധതിയുടെ തുടർ പ്രവർത്തനത്തിന് ഈ മേഖലയിലുള്ള ഏജൻസികളെ നിയമിക്കാനും ഉദ്ദേശമുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Also Read: ചങ്ങനാശേരിയില്‍ തോട്ടിൽ രാസമാലിന്യം കലർത്തിയതായി പരാതി